ഫലസ്തീൻ അനുകൂല റാലിക്കിടെ നടത്തിയ ജൂത വിരുദ്ധ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഹോളിവുഡ് നടി
text_fieldsലോസ് ആഞ്ജൽസ്: ന്യൂയോർക്കിൽ കഴിഞ്ഞ മാസം നടന്ന ഫലസ്തീൻ അനുകൂല റാലിക്ക് അനുകൂലമായി നടത്തിയ പരാമർശത്തിൽ മാപ്പുപറഞ്ഞ് ഹോളിവുഡ് നടി സൂസൻ സറാൻഡൻ. ''ഇക്കാലത്ത് ജൂതരായിരിക്കാൻ ഭയപ്പെടുന്ന, ഈ രാജ്യത്ത് ഒരു മുസ്‌ലിം ആയിരിക്കുമ്പോൾ തോന്നുന്നത് എന്താണെന്ന് ആസ്വദിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. പലപ്പോഴും അക്രമത്തിന് വിധേയരായി കൊണ്ടുതന്നെ.''-എന്നായിരുന്നു നടി പറഞ്ഞത്. തുടർന്ന് ഹോളിവുഡ് ഏജൻസിയായി യു.ടി.എ ക്ലയന്റായ സൂസനെ ഒഴിവാക്കിയിരുന്നു. നവംബർ 17ന് ന്യൂയോർക്കിൽ നടന്ന ഫലസ്തീൻ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൂസൻ.
എല്ലാതരത്തിലുള്ള സാമുദായിക കലാപത്തിനെതിരെയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു യഥാർഥത്തിൽ തന്റെ ഉദ്ദേശ്യമെന്നും അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടതിൽ ഖേദിക്കുന്നുവെന്നുമാണ് വെള്ളിയാഴ്ച സൂസൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്.
സമീപകാലത്ത് ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഉയർത്തിക്കാട്ടാനും വെടിനിർത്തലിന് ആഹ്വാനം ചെയ്യാനും ശ്രമിക്കുന്ന വൈവിധ്യമാർന്ന ഒരുകൂട്ടം ആളുകളോടൊപ്പം ഞാൻ ഒരു റാലിയിൽ പങ്കെടുത്തു. ആ റാലിയിൽ സംസാരിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ സ്റ്റേജിൽ കയറി എന്തെങ്കിലും കുറച്ച് വാക്കുകൾ പറയാൻ അവർ ക്ഷണിച്ചു. അതിനാലാണ് വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിലുള്ള എന്റെ ആശങ്ക അവിടെ പങ്കുവെച്ചത്. അവിടെ വെച്ച് പറഞ്ഞ വാക്കുകൾ വലിയ തെറ്റാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. പലപ്പോഴും അക്രമത്തിന് വിധേയമായി എന്ന പദപ്രയോഗം വലിയ തെറ്റായിരുന്നു. കാരണം ഈ അടുത്ത കാലംവരെ ജൂതവിഭാഗം കടുത്ത പീഡനങ്ങൾ താണ്ടിയാണ് ഇന്നീ കാണുന്ന നിലയിൽ എത്തിയിരിക്കുന്നത്. യൂറോപ്പിൽ നൂറ്റാണ്ടുകളായി നടക്കുന്ന അടിച്ചമർത്തലുകളും വംശഹത്യയും മുതൽ പിറ്റ്സ്ബർഗിലെ ട്രീ ഓഫ് ലൈഫ് ഷൂട്ടിങ് വരെ ജൂതൻമാർക്ക് പരിചിതമാണ്. അത് ഇന്നും തുടരുകയാണ്. ഈ യാഥാർഥ്യം തുറന്നുകാട്ടുന്നതിനു പകരം എന്റെ വാക്കുകൾ ആളുകളെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.-എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതോടൊപ്പം എല്ലാ വിഭാഗം ജനതയോടും സമാധാനം, സത്യം, നീതി, അനുകമ്പ എന്നിവക്കായുള്ള പ്രതിബദ്ധത തുടരുമെന്നും നടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.