സ്വീഡനും ഫിൻലൻഡിനും നാറ്റോ അംഗത്വം: തീരുമാനം ഈയാഴ്ച
text_fieldsലണ്ടൻ: റഷ്യയിലെ യുക്രെയ്ൻ അധിനിവേശത്തിനുപിന്നാലെ കൂടുതൽ രാജ്യങ്ങളെ നാറ്റോയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുന്നു. റഷ്യയോട് നേരിട്ടോ നാവികമായോ അതിർത്തി പങ്കിടുന്ന രാജ്യങ്ങളായ ഫിൻലൻഡ്, സ്വീഡൻ എന്നിവക്കാണ് നാറ്റോ അംഗത്വം പരിഗണനയിലുള്ളത്. ഫിൻലൻഡ് പരസ്യമായി ആവശ്യപ്പെട്ടാൽ ഉടൻ അംഗത്വം നൽകുമെന്നാണ് പ്രഖ്യാപനം.
200 വർഷത്തിലേറെയായി ഒരു സൈനിക സഖ്യവുമായും ചേർന്നുനിൽക്കാത്ത രാജ്യമാണ് സ്വീഡൻ. എന്നാൽ, രണ്ടാം ലോക യുദ്ധത്തിൽ റഷ്യയോട് തോൽവി വഴങ്ങിയശേഷം ഫിൻലൻഡ് ഇതുവരെ നിഷ്പക്ഷത പാലിച്ചുവരുകയാണ്. ഇരുരാജ്യങ്ങൾക്കും അംഗത്വം നൽകുന്നത് നേരത്തെ നാറ്റോ പരിഗണനയിലില്ലായിരുന്നു.
എന്നാൽ, ഫെബ്രുവരി 24ന് യുക്രെയ്നുമേൽ റഷ്യ അധിനിവേശം ആരംഭിച്ചതോടെ നാറ്റോ വിഷയം ഗൗരവതരമായി പരിഗണനയിലെടുക്കുകയായിരുന്നു. ഇരുരാജ്യങ്ങളും അംഗങ്ങളായാൽ, റഷ്യക്കുചുറ്റും ബാൾട്ടിക്, ആർട്ടിക് കടലുകളിൽ നാറ്റോ വലയമാകുമെന്ന പ്രത്യേകതയുണ്ട്.
ഫിൻലൻഡ് പ്രസിഡന്റ് സോളി നീനിസ്റ്റോ വ്യാഴാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഭരണകക്ഷി അനുകൂലിച്ചാൽ കാര്യമായ എതിർപ്പില്ലാതെ അംഗത്വം സ്ഥാപിക്കാനാകും. ഇരുരാജ്യങ്ങളും ഹിതപരിശോധനയില്ലാതെ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.