ഹംഗറിയും അംഗീകരിച്ചു; സ്വീഡൻ നാറ്റോ അംഗമാകും
text_fieldsബുഡപെസ്റ്റ്: നാറ്റോ അംഗത്വത്തിന് 2022 മേയിൽ അപേക്ഷ നൽകി കാത്തുനിൽക്കുന്ന സ്വീഡന് ഏറെയായി തടസ്സംനിന്ന ഹംഗറിയും ഒടുവിൽ വഴങ്ങി. ആറിനെതിരെ 188 പേരുടെ പിന്തുണയോടെ ഹംഗറി പാർലമെന്റ് സ്വീഡന്റെ അംഗത്വത്തിന് അംഗീകാരം നൽകി. പുതുതായി നാറ്റോയുടെ ഭാഗമാക്കാൻ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിക്കണമെന്നാണ് ചട്ടം. തുർക്കിയ, ഹംഗറി രാജ്യങ്ങളായിരുന്നു എതിർപ്പുമായി രംഗത്തുണ്ടായിരുന്നത്. ആഴ്ചകൾക്കുമുമ്പ് തുർക്കിയയും ചൊവ്വാഴ്ച ഹംഗറിയും അംഗീകാരം നൽകിയതോടെ ഇനി സ്വീഡന്റെ അംഗത്വം എളുപ്പത്തിലാകും.
സ്വീഡനൊപ്പം അപേക്ഷ നൽകിയിരുന്ന ഫിൻലൻഡ് റെക്കോഡ് വേഗത്തിൽ കഴിഞ്ഞ ഏപ്രിലിൽതന്നെ അംഗമായിരുന്നു. എന്നാൽ, സ്വീഡനിൽ ഖുർആൻ കത്തിച്ചത് ഉർദുഗാനെയും ഹംഗറിയിലെ ജനാധിപത്യത്തെ സ്വീഡിഷ് സർക്കാർ വിമർശിച്ചത് വിക്ടർ ഓർബനെയും പ്രകോപിപ്പിക്കുകയായിരുന്നു. രണ്ടു വർഷത്തോളം നീണ്ടുപോയതിനൊടുവിലാണ് ഇനി എല്ലാം എളുപ്പത്തിൽ പൂർത്തിയാകുക. ദിവസങ്ങൾക്കുള്ളിൽ സ്വീഡന്റെ പതാക ബ്രസൽസിൽ നാറ്റോ ആസ്ഥാനത്ത് ഉയരും.
അംഗത്വസാധ്യത കണക്കിലെടുത്ത് രാജ്യത്തെ 17 സൈനികതാവളങ്ങളും സ്വീഡൻ നേരത്തേ യു.എസ് സേനക്ക് തുറന്നുകൊടുത്തിരുന്നു. നിഷ്പക്ഷ നിലപാട് വിട്ട് റഷ്യൻവിരുദ്ധ ചേരിക്കൊപ്പം ചേരുന്നതോടെ രാജ്യം പ്രതിരോധ ചെലവുകളും കൂട്ടും. നിർബന്ധിത സൈനികസേവനവും നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.