സ്വീഡന്റെ നാറ്റോ അംഗത്വം: തുർക്കിയ എതിർപ്പ് പിൻവലിച്ചേക്കും
text_fieldsബ്രസൽസ്: സ്വീഡന് നാറ്റോ അംഗത്വം നൽകുന്നതിലെ എതിർപ്പ് തുർക്കിയ അവസാനിപ്പിച്ചേക്കും. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സ്വീഡന്റെ അംഗത്വത്തിന് സമ്മതമറിയിച്ചതായി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
31 അംഗ രാജ്യങ്ങളുടെയും സമ്മതത്തോടെ മാത്രമേ പുതുതായി ഒരു രാജ്യത്തെ നാറ്റോ സൈനികസഖ്യത്തിൽ ചേർക്കാൻ കഴിയൂ. റഷ്യ യുക്രെയ്നെ ആക്രമിച്ചശേഷം സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ, തുർക്കിയയും ഹംഗറിയും എതിർത്തതോടെ പ്രവേശനം പ്രതിസന്ധിയിലായി. കുർദിഷ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവയോട് സ്വീഡന്റെ മൃദുസമീപനമാണ് തുർക്കിയയുടെ എതിർപ്പിന് കാരണം.
തുർക്കിയ എംബസിക്കുപുറത്ത് ഖുർആൻ കത്തിച്ച ഇസ്‌ലാംവിരുദ്ധ പ്രവർത്തകന്റെ പ്രതിഷേധമുൾപ്പെടെ സ്വീഡനിലെ പ്രകടനങ്ങളുടെ പരമ്പര തുർക്കിയയെ ചൊടിപ്പിച്ചു. നാറ്റോ നേതൃത്വം വഴിയും വിവിധ രാജ്യങ്ങൾവഴിയും അവരെ അനുനയിപ്പിക്കാൻ സ്വീഡൻ ശ്രമിക്കുന്നു. യൂറോപ്യൻ യൂനിയനിൽ ചേരാനുള്ള തുർക്കിയയുടെ സ്വന്തം ശ്രമത്തിന് പിന്തുണ നൽകുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്. വലിയ പ്രശ്നങ്ങളും കാരണങ്ങളും ഇല്ലാത്തതിനാൽ ഹംഗറിയുടെ പിന്തുണ നയതന്ത്രശ്രമങ്ങളിലൂടെ ഉറപ്പിക്കാമെന്ന പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.