അധികാരത്തിൽ 12 മണിക്കൂർ മാത്രം; സ്വീഡന്‍റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു
text_fieldsസ്റ്റോക്ഹോം: ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം സ്വീഡെൻറ ആദ്യ വനിത പ്രധാനമന്ത്രിയായ സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മഗ്ദലീന ആൻഡേഴ്സൺ രാജിവെച്ചു. സഖ്യ സർക്കാറിൽനിന്ന് ഗ്രീൻ പാർട്ടി പിന്മാറിയതോടെയാണ് രാജിവെച്ചത്. പാർലമെൻറ് സഖ്യത്തിന്‍റെ ബജറ്റ് ബിൽ തള്ളിയതോടെയാണ് ഗ്രീൻ പാർട്ടി സഖ്യം വിടാൻ തീരുമാനിച്ചത്.
ഇതോടെ രാജ്യത്ത് ഭരണപ്രതിസന്ധി ഉടലെടുത്തു. ഈ മാസാദ്യമാണ് 54കാരിയായ മഗ്ദലീന സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ തലപ്പത്തെത്തിയത്. പാർലമെൻറ് വോട്ടെടുപ്പിൽ 117 അംഗങ്ങൾ മഗ്ദലീനയെ അനുകൂലിച്ചു. 174 പേർ എതിർത്ത് വോട്ട് ചെയ്തു. സ്വീഡനിലെ ഭരണസമ്പ്രദായമനുസരിച്ച് പ്രധാനമന്ത്രി സ്ഥാനാർഥിക്ക് പാർലമെൻറിെൻറ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമില്ല.
ധനകാര്യമന്ത്രിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് പ്രധാനന്ത്രി പദത്തിലെത്തിയത്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് താൻ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആൻഡേഴ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ഒറ്റകക്ഷി, സോഷ്യൽ ഡെമോക്രാറ്റ് സർക്കാറിൽ പ്രധാനമന്ത്രിയാകാൻ തയറാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, പാർലമെൻറിൽ നടക്കുന്ന പുതിയ വോട്ടെടുപ്പിൽ മഗ്ദലീനയെ പിന്തുണക്കുമെന്ന് ഗ്രീൻ പാർട്ടി അറിയിച്ചു. സെൻറർ പാർട്ടി വിട്ടുനിൽക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ അവർക്ക് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനാകും. ഇടതുപക്ഷ പാർട്ടിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.