സിറിയ അറബ് ലീഗിൽ തിരിച്ചെത്തുന്നു
text_fieldsദമസ്കസ്: 12 വർഷത്തിന് ശേഷം സിറിയ അറബ് ലീഗ് കൂട്ടായ്മയിൽ തിരിച്ചെത്തുന്നു. അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്ന് ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി ഇറാഖ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച കൈറോയിലെ അറബ് ലീഗിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വോട്ടെടുപ്പിലൂടെ തീരുമാനത്തിലെത്തിയത്.
മേയ് 19ന് സൗദിയിൽ അറബ് ലീഗ് ഉച്ചകോടി നടക്കാനിരിക്കുകയാണ്. 2011 മാർച്ചിൽ പ്രതിഷേധക്കാരെ അടിച്ചമർത്താൻ പ്രസിഡന്റ് ബശ്ശാർ അൽ അസദ് ഉത്തരവിട്ടതിനെ തുടർന്നാണ് സിറിയയുടെ അറബ് ലീഗ് അംഗത്വം റദ്ദാക്കിയത്. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ അറബ് രാഷ്ട്രങ്ങൾ ശ്രമിക്കുകയാണെന്ന് ജോർഡനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയോട് പറഞ്ഞു.
ജോർഡൻ മുൻകൈയെടുത്ത് ഈജിപ്ത്, ഇറാഖ്, സൗദി, സിറിയ, ജോർഡൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ കഴിഞ്ഞയാഴ്ച യോഗം ചേർന്നിരുന്നു. ഈ മാസം നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിൽ ബശ്ശാർ അൽ അസദിന് പങ്കെടുക്കാമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈസ് പറഞ്ഞു.
സിറിയൻ സംഘർഷത്തിൽ എതിർകക്ഷികളെ പിന്തുണച്ച സൗദിയും ഇറാനും തമ്മിലുള്ള ബന്ധം ചൈനയുടെ മധ്യസ്ഥതയിൽ പുനഃസ്ഥാപിച്ചതിന്റെ തുടർച്ചയായി തന്നെയാണ് പുതിയ നീക്കവും വിലയിരുത്തപ്പെടുന്നത്.സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആലു സഊദ് കഴിഞ്ഞ മാസം ദമസ്കസ് സന്ദർശിച്ചിരുന്നു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും കഴിഞ്ഞ ആഴ്ച ദമസ്‌കസ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.