ഗസ്സക്കു ശേഷം പുതിയ പോർമുഖം? സിറിയക്കു നേരെ മിസൈൽ തൊടുത്ത് ഇസ്രായേൽ
text_fieldsടെൽ അവീവ്: ഗസ്സയിൽ കുരുതി നടത്തിയ ആക്രമണത്തിനു ശേഷം സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേൽ മിസൈലുകൾ. സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. നഗരത്തിെൻറ മധ്യ, ദക്ഷിണ ഭാഗങ്ങളിലാണ് മിസൈലുകൾ സ്ഫോടനം തീർത്തത്. 11 സർക്കാർ അനുകൂല പോരാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴു സൈനികരും നാല് മിലീഷ്യകളുമാണ് മരിച്ചത്. ലബനാനോടു ചേർന്ന ഹിംസ് പ്രദേശത്തും ആക്രമണം നടന്നു. ഹിസ്ബുല്ലക്ക് സ്വാധീനമുള്ള അതിർത്തി മേഖലയാണ് ഹിംസ്. ഹിസ്ബുല്ലയുടെ ആയുധ ഡിപ്പോയാണ് ആക്രമിക്കപ്പെട്ടത്.
മേയ് ആരംഭത്തിൽ തുറമുഖ നഗരമായ ലടാകിയയിൽ ഇസ്രായേൽ മിസൈലുകൾ ആക്രമണം നടത്തിയിരുന്നു. ഇറാന് സ്വാധീനമുള്ള സിറിയൻ പ്രദേശങ്ങൾ ഇസ്രായേൽ ആക്രമണ പരിധിയിൽ കൊണ്ടുവരുന്നത് യു.എസ് അനുഗ്രഹാശിസ്സുകളോടെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടങ്ങളിലെ ഇറാൻ സൈനിക സംവിധാനങ്ങൾ തകർക്കാൻ ഇതുവഴിയാകുമെന്ന് യു.എസും ഇസ്രായേലും കണക്കുകൂട്ടുന്നു.
സിറിയയിൽ പ്രസിഡൻറ് ബശ്ശാറുൽ അസദിന് നഷ്ടമായ പ്രവിശ്യകൾ തിരിച്ചുപിടിക്കാൻ ശിയാ മിലീഷ്യകളുടെ നേതൃത്വത്തിൽ ശ്രമങ്ങൾ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്. ബശ്ശാറുൽ അസദിെൻറ തിരിച്ചുവരവ് പൂർണമാകുംമുമ്പ് ഇവ തകർക്കുകയാണ് ലക്ഷ്യം.
അതേ സമയം, ചൊവ്വാഴ്ച രാത്രിയിലെ ആക്രമണം കാര്യമായ നാശന്ഷടമുണ്ടാക്കിയില്ലെന്നും പ്രതിരോധ സംവിധാനം ഉപയോഗിച്ച് അവയെ തകർത്തതായും സിറിയ അവകാശപ്പെട്ടു.
ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ട 2011നു ശേഷം സിറിയയിലെ വിവിധ താവളങ്ങളിൽ ഇസ്രായേൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.