അസദിന് റഷ്യയിൽ അഭയം; ഭാവിയെന്ത്?
text_fieldsഡമസ്കസ്: വിമതസേന അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് രാജ്യം വിട്ട ബശ്ശാറുൽ അസദ് റഷ്യയിൽ അഭയം തേടുമ്പോഴും ഇനി ഭാവിയെന്തെന്ന ചോദ്യം നിലനിൽക്കുന്നു. ഒമ്പതു വർഷമായി തന്നെ നിലനിർത്തിയ രാജ്യം അഭയം നൽകിയെന്ന റഷ്യ സ്ഥിരീകരിച്ചുകഴിഞ്ഞു.
സിറിയയിൽ അധികാരം പിടിച്ച വിമതരുമായി നയതന്ത്ര സംഭാഷണം ആരംഭിച്ചതായും രാജ്യത്തെ റഷ്യൻ സൈനിക കേന്ദ്രങ്ങൾക്ക് അവർ സുരക്ഷ ഉറപ്പു നൽകിയതായും ഔദ്യോഗിക ചാനലായ ആർ.ഐ.എ നൊവോസ് റിപ്പോർട്ട് ചെയ്തു.
അസദ് സഞ്ചരിച്ച വിമാനം മിസൈലേറ്റ് തകർന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ വാദങ്ങളുയർന്നിരുന്നു. ഇത് തെറ്റായ പ്രചാരണമെന്ന് ഉറപ്പിക്കുന്നതാണ് പുതിയ വാർത്തകൾ. ഡമസ്കസിൽനിന്ന് പറന്നുയർന്ന അവസാന വിമാനം സിറിയൻ എയർ 9218 ഇല്യൂഷിൻ -76 ആണെന്ന് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന വെബ്സൈറ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഡമസ്കസ് വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതസേന പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പാണ് അവസാന വിമാനം പുറപ്പെട്ടത്.
സിറിയൻ പ്രതിസന്ധിക്ക് സമാധാനപൂർണമായ പരിഹാരത്തിനായാണ് എന്നും റഷ്യ ശ്രമിച്ചതെന്നും ഭാവിയിലും ഇത്തരം നീക്കങ്ങൾ തുടരുമെന്നും റഷ്യൻ വൃത്തങ്ങൾ പറയുന്നു.
പിടിച്ചുനിൽക്കാനാവാതെ സർക്കാർ സൈന്യം പിൻവാങ്ങി; രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുത്ത് പ്രതിപക്ഷ സേന
ഡമസ്കസ്: സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കി പ്രതിപക്ഷ സേനയായ ഹയാത് തഹ്‍രീർ അൽ ശാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്തത് രക്തരഹിത വിപ്ലവത്തിലൂടെ. പ്രതിപക്ഷസേന ഡമസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുൽ അസദ് കുടുംബത്തിനൊപ്പം രാജ്യംവിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. സിറിയയിൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിനാണ് ഇതോടെ വിരാമമായത്.
സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം പുതിയ ഭരണകൂടത്തിന് കൈമാറുന്നതുവരെ നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി മേൽനോട്ടം വഹിക്കുമെന്ന് എച്ച്.ടി.എസ് കമാൻഡർ അബൂ മുഹമ്മദ് അൽ ജൗലാനി പറഞ്ഞു. ജയിൽവാസം അനുഭവിക്കുന്നവരെ പ്രതിപക്ഷസേന മോചിപ്പിച്ചു. ഭരണം പിടിച്ചെടുത്ത വിവരം എച്ച്.ടി.എസ് ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു.
2011ലെ പ്രക്ഷോഭത്തെ അതിജീവിച്ച് ഭരണത്തിൽ തുടർന്ന അസദിന് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നവംബർ 27നാണ് എച്ച്.ടി.എസ് സർക്കാർ സേനക്കെതിരെ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്. മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി. കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ഡമസ്കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളിൽനിന്ന് സർക്കാർ സൈന്യം പിൻവാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കാനായി. 2018ൽ സർക്കാർ സേന ഡമസ്കസ് നഗരത്തിന്റെ പൂർണ നിയന്ത്രണം വീണ്ടെടുത്തശേഷം ആദ്യമായാണ് പ്രതിപക്ഷ സേന ഇവിടെയെത്തുന്നത്.
അസദിന്റെ വീഴ്ച ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിച്ചു. ഡമസ്കസിലെ അസദിന്റെ സ്വകാര്യ വസതി കൈയേറിയ ജനങ്ങൾ സാധനങ്ങൾ നശിപ്പിച്ചു. അസദുമായുള്ള സമ്പർക്കം ശനിയാഴ്ച വൈകീട്ട് മുതൽ നഷ്ടമായതായും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി പറഞ്ഞു.
അസദിന്റെ വീഴ്ചക്ക് പിന്നാലെ ഡമസ്കസിലെ ഇറാൻ എംബസിക്കുനേരെ ആക്രമണമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷസേന എത്തുന്നതിനു മുമ്പ് നയതന്ത്ര പ്രതിനിധികളും ജീവനക്കാരും എംബസിയിൽനിന്ന് പോയിരുന്നു. ഇറാഖിന്റെ സിറിയയിലെ എംബസി ഒഴിപ്പിച്ചു. ജീവനക്കാരെ ലബനാനിലേക്ക് മാറ്റി. സിറിയയിലെ അസാധാരണ സ്ഥിതിഗതികൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിരീക്ഷിച്ചുവരുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.