ഇസ്രായേലിനെ ആക്രമിക്കാൻ സിറിയയെ താവളമാക്കാൻ അനുവദിക്കില്ല -ജൂലാനി
text_fieldsഡമസ്കസ്: ഇസ്രായേലിനെ ആക്രമിക്കാൻ സിറിയയെ താവളമാക്കാൻ അനുവദിക്കില്ലെന്ന് സിറിയയിൽ ബശ്ശാറുൽ അസദിനെ പുറത്താക്കി ഭരണം പിടിച്ച ഹൈഅത് തഹറീർ അശ്ശാം (എച്ച്.ടി.എസ്.) തലവൻ അബു മുഹമ്മദ് അൽ ജൂലാനി. ‘ദി ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ജൂലാനി ഇക്കാര്യം വ്യക്തമാക്കിയത്. അസദ് ഭരണകാലത്ത് സിറിയക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ പാശ്ചാത്യരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രയേലിനോ മറ്റേതെങ്കിലും രാജ്യത്തിനോ എതിരായ ആക്രമണത്തിനുള്ള താവളമായി സിറിയയെ ഉപയോഗിക്കാൻ അനുവദിക്കില്ല. സിറിയയിലെ വ്യോമാക്രമണം ഇസ്രായേൽ അവസാനിപ്പിക്കണം. ആക്രമിക്കാനുള്ള ഇസ്രായേലിന്‍റെ ന്യായീകരണം ഹിസ്ബുല്ലയുടെയും ഇറാൻ പിന്തുണയുള്ള പോരാളികളുടെയും സാന്നിധ്യമായിരുന്നു. എന്നാലിപ്പോൾ ആ ന്യായീകരണം ഇല്ലാതായി. അസാദ് പലായനം ചെയ്ത ശേഷം പിടിച്ചെടുത്ത പ്രദേശത്തുനിന്ന് പിൻമാറണമെന്നും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഇസ്രായേലുമായി ഏറ്റമുട്ടലിനില്ലെന്ന് നേരത്തെയും ജൂലാനി വ്യക്തമാക്കിയതാണ്. രാജ്യത്തിന്‍റെ പുനർനിർമാണത്തിനാണ് പ്രഥമ പരിഗണനയെന്നും കൂടുതൽ നാശമുണ്ടാക്കുന്ന സംഘർഷങ്ങളിലേക്ക് സിറിയയെ വലിച്ചിഴക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ജൂലാനി പറഞ്ഞിരുന്നു.
എച്ച്.ടി.എസുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട് -അമേരിക്ക
സിറിയയിൽ അധികാരം പിടിച്ച വിമത ഗ്രൂപ്പ് എച്ച്.ടി.എസുമായി അമേരിക്ക നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ. സിറിയയിൽ 2012 മുതൽ കാണാതായ യു.എസ് മാധ്യമപ്രവർത്തകൻ ആസ്റ്റിൻ ടൈസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിറിയയിൽ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാൻ ആന്‍റണി ബ്ലിങ്കൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.