സിറിയയിൽ വിമതർക്ക് തിരിച്ചടി; പ്രതിരോധം തീർത്ത് സൈന്യം
text_fieldsഡമസ്കസ്: അലപ്പോ നഗരത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ വിമതര്‍ പിടിച്ചെടുത്തതോടെ റഷ്യന്‍ സഹായത്തോടെ തിരിച്ചടിച്ച് സിറിയന്‍ സൈന്യം. സിറിയയിലെ നാലാമത്തെ പ്രധാന നഗരമായ ഹമയിലേക്കുള്ള വിമത മുന്നേറ്റം തടഞ്ഞാണ് സൈന്യം പ്രത്യാക്രമണം ആരംഭിച്ചത്.
അലപ്പോയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള ഹമയുടെ സമീപത്തെ ഇദ്ലിബ് നഗരത്തിൽ സിറിയൻ സൈന്യം വ്യോമാക്രമണം നടത്തിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇദ്ലിബിലും സമീപ പ്രദേശങ്ങളിലും റഷ്യൻ വ്യോമാക്രമണം നടന്നതായി അൽഇഖ്ബാരിയ ന്യൂസ് നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ച് വ്യോമാക്രമണങ്ങളാണ് റഷ്യയുടെ നേതൃത്വത്തിൽ നടന്നത്. ഇദ്ലിബിനടുത്തുള്ള അഭയാർഥി ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഹമ പ്രവിശ്യയിൽനിന്ന് വിമതർ പിൻമാറിയതായി ഔദ്യോഗിക വാർത്ത ഏജൻസിയായ സനയും വ്യക്തമാക്കിയിട്ടുണ്ട്. ഹമയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രത്യാക്രമണമാണ് നടക്കുന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായ മനുഷ്യാവകാശങ്ങൾക്കായുള്ള സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. മൂന്ന് ദിവസത്തിനിടെ ആയിരത്തിലേറെ വിമതരെ കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക ടെലിവിഷൻ ചാനൽ പുറത്തുവിട്ട കണക്ക്.
അതേസമയം, വിമതരുടെ മുന്നേറ്റം രൂക്ഷമായ സാഹചര്യത്തിൽ സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽഅസദുമായി ചർച്ച നടത്താൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച തലസ്ഥാനമായ ഡമസ്കസിലെത്തും. സിറിയൻ സർക്കാറിനെയും സൈന്യത്തെയും ഇറാൻ പിന്തുണക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മടക്കയാത്രയിൽ വിമതരെ പിന്തുണക്കുന്ന തുർക്കി സർക്കാറുമായും അദ്ദേഹം ചർച്ച നടത്തും. അതിനിടെ, എത്ര ശക്തരായിരുന്നാലും ഭീകരവാദികളെയും അവരെ പിന്തുണക്കുന്നവരെയും പരാജയപ്പെടുത്തുമെന്ന് അസദ് പ്രഖ്യാപിച്ചു. ഹയാത്ത് തഹ്രീര്‍ അല്‍ ശാം എന്ന സായുധ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ആക്രമണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.