സിറിയയിൽ വീണ്ടും സംഘർഷം; അലപ്പോ പിടിച്ച് വിമതർ
text_fieldsദമസ്കസ്: ഒരിടവേളക്കുശേഷം സിറിയ വീണ്ടും ആഭ്യന്തര കലാപ കലുഷിതമാകുന്നു. അലപ്പോ നഗരത്തിന്റെ പ്രധാനഭാഗം ഉൾപ്പെടെ നിരവധി തന്ത്രപ്രധാന പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം വിമതർ പിടിച്ചെടുത്തതോടെ റഷ്യൻ പിന്തുണയിൽ സിറിയൻ സൈന്യം പ്രത്യാക്രമണം ആരംഭിച്ചു. ഹയാത്ത് തഹ്രീർ അൽ ശാം എന്ന സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്.
2016നുശേഷം ആദ്യമായി വെള്ളിയാഴ്ച സിറിയൻ സൈന്യം അലപ്പോയിലെ വിമത കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി. ഇതിൽ 20 പേർ കൊല്ലപ്പെട്ടു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. 200ലേറെ തീവ്രവാദികളെ വധിച്ചതായാണ് സൈന്യത്തിന്റെ അവകാശവാദം.
സിറിയൻ അധികൃതർ അലപ്പോ വിമാനത്താവളവും നഗരത്തിലേക്കുള്ള റോഡുകളും അടച്ചു. സ്കൂളുകളും സർക്കാർ ഓഫിസുകളും അടച്ചിട്ടിരിക്കുകയാണ്. 14000ത്തിലധികം പേർ അഭയാർഥികളായതായാണ് റിപ്പോർട്ട്. ബുധനാഴ്ചയാണ് വിമതർ അലപ്പോയിലേക്ക് കടന്നുകയറിയത്. വെള്ളിയാഴ്ചയോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഇവർ കീഴടക്കി.
വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബിൽ കഴിഞ്ഞ ആഴ്ചകളിൽ റഷ്യയുടെയും സിറിയയുടെയും വ്യോമസേനകൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് തങ്ങളുടെ ആക്രമണമെന്ന് വിമത വിഭാഗത്തിന്റെ കമാൻഡർ മുസ്തഫ അബ്ദുൽ ജബ്ബാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.