'ദുഷ്ടനായ അയൽവാസി'; സൈനിക അഭ്യാസം തുടരുന്ന ചൈനയെ വിമർശിച്ച് തായ്‍വാൻ
text_fieldsതായ്പേയ്: ചൈനയുടെ സൈനിക അഭ്യാസം തുടരുന്നതിനിടെ രൂക്ഷവിമർശനവുമായി തായ്‍വാൻ. ദുഷ്ടനായ അയൽവാസി നമ്മുടെ വാതിൽക്കൽ അവരുടെ ശക്തി കാണിക്കുകയാണെന്ന് തായ്‍വാൻ പ്രധാനമന്ത്രി സൂ സെങ് ചാൻ പറഞ്ഞു. ചൈനയുടെ സൈനിക അഭ്യാസവുമായി ബന്ധപ്പട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈനികാഭ്യാസത്തിന്റെ ഭാഗമായി തായ്‍വാൻ തീരത്തിനരികെ ചൈനയുടെ മിസൈലുകൾ പതിച്ചിരുന്നു. കിഴക്കൻ മേഖലയിൽനിന്ന് ചൈനീസ് കപ്പലുകളിൽനിന്ന് പറന്ന മിസൈലുകൾ മറ്റ്സു, വുഖ്‍ലു, ഡോൻഗ്വിൻ ദ്വീപുകൾക്കരികെ പതിച്ചതായി തായ്‍വാൻ സ്ഥിരീകരിച്ചു.
ചൈനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും നിരവധി തവണ തായ്‍വാൻ കടലിടുക്ക് കടന്നു. ഉച്ചയോടെ ഇരു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകൾ മുഖാമുഖം നിന്നത് ഭീതി വർധിപ്പിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ജലപാത സൈനികാഭ്യാസത്തിലൂടെ ചൈന ഏകപക്ഷീയമായി നശിപ്പിക്കുകയാണ്. ചൈനയുടെ നടപടികളെ അയൽ രാജ്യങ്ങളും ലോകവും അപലപിച്ചതായും സൂ സെങ് ചാൻ വ്യക്തമാക്കി.
യുദ്ധക്കപ്പലുകളും വിമാനങ്ങളും തുടർച്ചയായി അതിർത്തി കടക്കുന്നതിനാൽ യുദ്ധ വിമാനങ്ങളും മിസൈലുകളും യുദ്ധസജ്ജമാക്കിനിർത്തിയിരിക്കുകയാണ് തായ്‍വാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.