കൃഷി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിലൊരു ദിവസം അവധി നൽകി ശ്രീലങ്ക
text_fieldsകൊളംബോ: കൃഷി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിലൊരു ദിവസം ശമ്പളത്തോടെ അവധി അനുവദിച്ച് ശ്രീലങ്ക. രാജ്യത്ത് സാമ്പത്തിക സ്ഥിതിയിലുണ്ടായ അനിശ്ചിതാവസ്ഥ ഭക്ഷ്യധാന്യ വിതരണത്തെ ബാധിച്ചിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. എല്ലാ വെള്ളിയാഴ്ചകളിലുമാണ് പ്രത്യേക അവധി.
"മുൻകരുതൽ ഇല്ലെങ്കിൽ ഭക്ഷ്യക്ഷാമം രാജ്യത്തെ രൂക്ഷമായി ബാധിക്കും. വീട്ടുവളപ്പിൽ കൃഷി ചെയ്യാനും പരിപാലിക്കാനും ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത് അനിവാര്യമായ തീരുമാനമാണ്" കാബിനറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അതോടൊപ്പം ഇന്ധന ക്ഷാമവും വിലക്കുതിപ്പും രാജ്യത്ത് പ്രതിസന്ധികളുണ്ടാക്കിക്കഴിഞ്ഞു. ഒരു അവധി ദിനം കിട്ടുന്നത് ഉപഭോഗം കുറക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പോകാൻ തടസ്സങ്ങളുണ്ടാകില്ലെന്നും അഞ്ച് വർഷം വരെ ശമ്പളരഹിത അവധി അനുവദിക്കുമെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്‍റർനാഷനൽ മോണിറ്ററി ഫണ്ടിന്‍റെ കണക്ക് പ്രകാരം 51 ശതകോടി ഡോളറാണ് രാജ്യത്തിന്‍റെ കടബാധ്യത.
അടിയന്തര മാനുഷിക സഹായങ്ങൾ ശ്രീലങ്കക്ക് ആവശ്യമാണെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അറിയിപ്പ് വന്നത് കഴിഞ്ഞയാഴ്ചയാണ്. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം 22 ദശലക്ഷം ആളുകളിൽ അഞ്ചിലൊരാൾ ഭക്ഷണം ഒഴിവാക്കുകയാണെന്നാണ് റിപ്പോർട്ട്.
അധികാരത്തിലെത്തിയ ശേഷം പ്രസിഡന്‍റ് ഗോതബായ രാജ്പക്സെ നികുതി വെട്ടിച്ചുരുക്കിയതാണ് രാജ്യത്തിന്‍റെ സാമ്പത്തിക നിലനിൽപ്പ് പെട്ടെന്ന് തകർത്തതെന്ന ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.