യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറി; ഏറ്റുമുട്ടൽ, ഒരു സ്ത്രീ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: വാഷിങ്ടൺ ഡി.സിയിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. യു.എസ് പാർലമെന്‍റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി.
സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്‍റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇരുസഭകളും നിർത്തിവെച്ച് അംഗങ്ങളെ സുരക്ഷിതമായി മാറ്റി. ഇന്ത്യൻ സമയം പുലർച്ചെ ഒന്നോടെയാണ് സംഭവം. പുലർച്ചെ 4.15ഓടെ മുഴുവൻ അക്രമികളെയും പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് ഒഴിപ്പിച്ചതായി യു.എസ് അധികൃതർ വ്യക്തമാക്കി.
അക്രമത്തിന് പിന്നാലെ, തന്‍റെ അനുകൂലികൾ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ട്വീറ്റ് ചെയ്തു. അക്രമത്തെ തുടർന്ന് ദേശീയ സുരക്ഷാ സേനയെ നഗരത്തിൽ നിയോഗിച്ചു. അക്രമികളെ ഒഴിപ്പിച്ചുകഴിഞ്ഞാൽ വീണ്ടും സംയുക്ത സഭ ചേരുമെന്ന് വൈസ് പ്രസിഡന്‍റ് മൈക് പെൻസ് വ്യക്തമാക്കി.
ട്രംപ് അനുകൂലികൾ പൊലീസിന് നേരെ രാസവസ്തുക്കൾ ഉപയോഗിച്ചതായും കാപിറ്റോൾ കെട്ടിടത്തിന് സമീപത്തുനിന്ന് സ്ഫോടക വസ്തു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
ജനാധിപത്യത്തിന് നേരെ നടന്ന അതിക്രമമാണെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ആധുനികകാലത്ത് ഇതുപോലെ ഒരു അതിക്രമം കാണാനാവില്ലെന്നും ബൈഡൻ പറഞ്ഞു.
അതേസമയം ഇലക്ഷന്‍ തട്ടിപ്പ് സംബന്ധിച്ച പ്രസിഡന്‍റിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ട്രംപ് നിയമിച്ച ജഡ്ജിമാര്‍ പോലും കേസ് സ്വീകരിച്ചില്ലെന്ന് മക്കോണല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നത് തടഞ്ഞാൽ അത് അമേരിക്കന്‍ ഡെമോക്രസിക്ക് ദൂരവ്യാപമകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മക്കോണല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.