കാബൂൾ വിമാനത്താവളത്തിന്‍റെ നടത്തിപ്പിന് തുർക്കിയുടെ സാങ്കേതിക സഹായം തേടി താലിബാൻ
text_fieldsകാബൂൾ: കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ തുർക്കിയുടെ സഹായം തേടി താലിബാൻ. തുർക്കിയുടെ സാങ്കേതിക സഹായമാണ് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം തുർക്കി സൈന്യത്തെ അഫ്ഗാനിസ്താനിൽ നിന്ന് പൂർണമായും പിൻവലിക്കണമെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുർക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടോളോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, താലിബാന് വിമാനത്താവളം നടത്തുന്നതിൽ സാങ്കേതിക സഹായം നൽകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് തുർക്കി ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സൈനികരെ ആഗസ്റ്റ് 31നകം പിൻവലിക്കാൻ തുർക്കി തയാറാണെന്നാണ് സൂചന. പക്ഷേ അതിന് ശേഷം താലിബാന് സഹായം നൽകുമോയെന്നതിലാണ് വ്യക്തതയില്ലാത്തത്.
വിമാനത്താവളത്തിന്‍റെ പ്രവർത്തനം സുഗമമായി നടന്നില്ലെങ്കിൽ ആഗോളസമൂഹവുമായുള്ള അഫ്ഗാന്റെ ബന്ധങ്ങളിൽ വിള്ളൽ വീഴും. യാത്രക്ക് പുറമേ ചരക്ക് നീക്കത്തിനും അഫ്ഗാനിസ്താൻ കാബൂൾ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. നിലവിൽ യു.എസിനാണ് കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം. യു.എസിന്‍റെ നേതൃത്വത്തിൽ കാബൂളിൽ കുടുങ്ങിയിരിക്കുന്നവരെ വിമാനത്താവളം വഴി പുറത്തെത്തിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.