അഫ്ഗാനിലെ രണ്ട് പ്രവിശ്യതലസ്ഥാനങ്ങൾ താലിബാൻ പിടിച്ചെടുത്തു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ രണ്ട് സുപ്രധാന പ്രവിശ്യ തലസ്ഥാനങ്ങൾ പിടിച്ചെടുത്ത് താലിബാൻ. 24 മണിക്കൂറിനിടെയാണ് രണ്ട് പ്രവിശ്യ തലസ്ഥാനങ്ങളും താലിബാൻ വരുതിയിലാക്കിയ
ത്. തെക്കൻ പ്രവിശ്യയായ നിംറൂസിന്‍റെ തലസ്ഥാനമായ സരഞ്ജ് താലിബാൻ നിയന്ത്രണത്തിലാക്കിയതിനു പിന്നാലെയാണ് വടക്കൻ മേഖലയിലെ ജാവ്സ്ജാൻ പ്രവിശ്യ തലസ്ഥാനമായ ഷേബർഖാൻ പിടിച്ചെടുത്തത്.
മേഖലയിൽ നിന്ന് സൈന്യവും ഉന്നത ഉദ്യോഗസ്ഥരും പിൻവാങ്ങിയതായി ഡെപ്യൂട്ടി ഗവർണർ ഖാദർ മാലിയ സ്ഥിരീകരിച്ചു. ഇവിടെ ഗവർണറുടെ ഓഫിസും പൊലീസ് ഹെഡ്ക്വാർട്ടേഴ്സുകളും ജയിലും താലിബാൻ കൈയേറി. സരഞ്ജിലെ വിമാനത്താവളവും പ്രധാന സർക്കാർ മന്ദിരങ്ങളും താലിബാന്‍റെ നിയന്ത്രണത്തിലാണ്.
2020 ഫെബ്രുവരിയിൽ യു.എസ്-നാറ്റോ സേന പിൻമാറ്റത്തെ കുറിച്ച് ധാരണയിലെത്തിയ ശേഷം താലിബാൻ നടത്തുന്ന ആദ്യ നിർണായക മുന്നേറ്റമാണിത്. ഇതിനു മുമ്പ് 2016ൽ കുന്ദൂസായിരുന്നു താലിബാൻ നിയന്ത്രണത്തിലാക്കിയത്.
ഇറാൻ അതിർത്തിയിലെ വ്യാപാര കേന്ദ്രമായ സരഞ്ജ് മേഖലയിലെ തന്ത്രപ്രധാന പ്രദേശമാണ്. സരഞ്ജ് തുടക്കം മാത്രമാണെന്നും മറ്റു പ്രവിശ്യകൾ വീഴുന്നത് ഉടൻ കാണാമെന്നും താലിബാൻ വക്താവ് പ്രതികരിച്ചതായി വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സരഞ്ജിലെ ജയിലുകളിൽനിന്ന് വെള്ളിയാഴ്ച തടവുകാരെ മോചിപ്പിച്ചതായി താലിബാൻ വക്താവ് ഖ്വാരി യൂസുഫ് അഹ്മദി അറിയിച്ചിരുന്നു.
ഹെൽമന്ദ് പ്രവിശ്യയിലെ ലഷ്കർഗാഹ് നഗരം താലിബാൻ നിയന്ത്രണത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. 6,30,000 ആളുകളാണ് സരഞ്ജിൽ താമസിക്കുന്നത്. ഇവിടെ നിന്ന് കൂട്ടപ്പലായനവും നടക്കുന്നുണ്ട്. അഫ്ഗാനിലെ വലിയ നദികളിലൊന്നായ ഹെൽമന്ദ് കടന്നുപോകുന്നത് സരഞ്ജിൽകൂടിയാണ്. യു.എസ് സേന പിന്മാറ്റം പ്രഖ്യാപിച്ചതോടെ അടുത്തിടെ അഫ്ഗാനിൽ ആക്രമണം രൂക്ഷമാക്കിയ താലിബാൻ നിരവധി ജില്ലകൾ പിടിച്ചെടുത്തിരുന്നു. ഹെറാത്, കാന്തഹാർ ഉൾപ്പെടെയുള്ളവ നിയന്ത്രണത്തിലാക്കാൻ പോരാട്ടം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.