യു.എസ് സേന പടിയിറങ്ങുന്ന അഫ്ഗാനിൽ താലിബാൻ പിടിമുറുക്കുന്നു; വടക്കൻ അതിർത്തി പട്ടണം പിടിച്ചു
text_fieldsകാബൂൾ: യു.എസും നാറ്റോയും പടിയിറങ്ങുന്ന അഫ്ഗാനിസ്താനിൽ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കി താലിബാൻ. താജികിസ്താൻ അതിർത്തിയോടു ചേർന്ന് കുണ്ടുസിനരികെ ശേർ ഖാൻ ബന്ദർ ആണ് അവസാനമായി താലിബാൻ നിയന്ത്രണത്തിലായത്. മേയ് ഒന്നിന് മേഖലയിൽ നീക്കം ആരംഭിച്ച താലിബാൻ ആഴ്ചകൾ നീണ്ട ശ്രമത്തിനൊടുവിൽ ശേർ ഖാൻ തുറമുഖവും പട്ടണവും പൂർണമായി പിടിക്കുകയായിരുന്നുവെന്ന് കുണ്ടുസ് പ്രവിശ്യ കൗൺസിൽ അംഗം ഖാലിദ്ദീൻ ഹക്മി പറഞ്ഞു.
കാബൂൾ ആസ്ഥാനമായുള്ള അശ്റഫ് ഗനി സർക്കാറിെൻറ നിയന്ത്രണത്തിലായിരുന്ന ചെക്പോസ്റ്റുകളിലെ എല്ലാ സൈനികരെയും പിൻവലിച്ചതായും ചില പട്ടാളക്കാർ അതിർത്തി കടന്ന് താജികിസ്താനിലെത്തിയതായും അധികൃതർ വ്യക്തമാക്കി.
ശേർ ഖാൻ ബന്ദറും പരിസര പ്രദേശങ്ങളും പിടിച്ചതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദും സ്ഥിരീകരിച്ചു.
അഫ്ഗാനിലെ മൊത്തം 370 ജില്ലകളിൽ മേയ് മാസത്തിനു ശേഷം മാത്രം 50 എണ്ണം പുതുതായി താലിബാൻ പിടിച്ചതായാണ് കണക്ക്. ഇവയോടു ചേർന്ന പ്രവിശ്യ തലസ്ഥാനങ്ങളും വൈകാതെ നിയന്ത്രണത്തിലാക്കുമെന്നാണ് സൂചന. പരിയാബ്, ബാൽഖ്, കുണ്ടുസ് പ്രവിശ്യകളിലാണ് താലിബാൻ പിടിമുറുക്കുന്നത്. മൊത്തം 34 പ്രവിശ്യകളിൽ 17 ഇടത്തും പുതുതായി താലിബാൻ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു..
രാജ്യത്തുള്ള 3,500 യു.എസ് സൈനികരും 7,000 നാറ്റോ സൈനികരും ആഴ്ചകൾക്കുള്ളിൽ പൂർണമായി പിൻവാങ്ങുന്നതോടെ താലിബാൻ തലസ്ഥാന നഗരം വരെ വരുതിയിലാക്കുമെന്ന് സൂചനയുണ്ട്. 1996 മുതൽ 2001 വരെ രാജ്യം ഭരിച്ച താലിബാൻ രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് വീണ്ടും പൂർണ അധികാരം തിരിച്ചുപിടിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ വർഷം അമേരിക്കയുമായി ഒപ്പുവെച്ച കരാർ പ്രകാരം വെടിനിർത്തലിന് താലിബാൻ സമ്മതിച്ചിരുന്നുവെങ്കിലും ചില പ്രവിശ്യകളിൽ സൈനിക നീക്കം തുടരുന്നുണ്ട്.
ഇതുൾപെടെ വിഷയങ്ങളിൽ ഒൗദ്യോഗിക സർക്കാറും താലിബാനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഇനിയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിലവിൽ രാജ്യത്തിെൻറ മൂന്നിൽ രണ്ടും താലിബാൻ നിയന്ത്രണത്തിലാണ്.
അതിനിടെ യു.എസ് പ്രസിഡൻറ് ജോ ബൈഡനും അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനിയും ചർച്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.