90 ദിവസത്തിനുള്ളിൽ താലിബാൻ കാബൂൾ കീഴടക്കുമെന്ന് യു.എസ് ഇന്‍റലിജൻസ് റിപ്പോർട്ട്
text_fieldsഅഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ 90 ദിവസത്തിനകം താലിബാൻ കീഴടക്കുമെന്ന് യു.എസ് ഇന്‍റലിജൻസ് റിപ്പോർട്ട്. 30 ദിവസത്തിനുള്ളിൽ കാബൂൾ നഗരത്തെ താലിബാൻ ഒറ്റപ്പെടുത്തും. 90 ദിവസത്തിനുള്ളിൽ കാബൂളിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കും -യു.എസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
എന്നാൽ, അഫ്ഗാൻ സുരക്ഷാ സേന കടുത്ത പ്രതിരോധം ഉയർത്തിയാൽ സാഹചര്യം മാറിമറിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിലെ എട്ട് പ്രവിശ്യകൾ താലിബാൻ നിയന്ത്രണത്തിലാക്കിയെന്നാണ് പുതിയ വിവരം. താലിബാൻ ശക്തിയാർജിക്കുന്നതിനിടെ, അഫ്ഗാൻ സൈനിക നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണികൾ നടന്നു. ജനറൽ വാലി അഹ്‌മദ് സായിയെ മാറ്റി ജനറൽ ഹയ്ബത്തുല്ലാ അലിസായിയെ സൈനിക മേധാവിയായി നിയമിച്ചു.
ആറ് ദിവസത്തിനിടെയാണ് എട്ട് പ്രവിശ്യകൾ താലിബാൻ കീഴടക്കിയത്. ഫറാ, പൊലെ ഖോംറി എന്നീ പ്രവിശ്യകളാണ് ഒടുവിൽ കീഴടക്കിയത്. വടക്കൻ അഫ്ഗാനിലെ ഏറ്റവും വലിയ നഗരമായ മസാറെ ശരീഫ് താലിബാൻ കഴിഞ്ഞ ദിവസം പിടിച്ചടക്കിയിരുന്നു. കുന്ദുസ്, തഖർ, ജൗസ്ജാൻ, സാരെ പുൽ, നിംറുസ് പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലാണ്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍നിന്നു യു.എസ് സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ വീണ്ടുവിചാരമില്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണമെന്നും യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഫ്ഗാനുള്ള മറ്റ് സഹായങ്ങൾ തുടരുമെന്നും ബൈഡൻ പറഞ്ഞു.
പതിറ്റാണ്ടുകള്‍ നീണ്ട സൈനിക സാന്നിധ്യം പിന്‍വലിക്കുന്നത് യു.എസും നാറ്റോയും പ്രഖ്യാപിച്ചതാടെ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാജ്യത്തിന്‍റെ 65 ശതമാനവും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.