വനിത പ്രതിഷേധകർക്കു നേരെ വെടിയുതിർത്ത് താലിബാൻ; ബാനറുകൾ കീറിക്കളഞ്ഞു
text_fieldsകാബൂൾ: കിഴക്കൻ കാബൂളിൽ ഹൈസ്കൂളിന് പുറത്ത് പെൺകുട്ടികൾക്ക് സ്കൂളിലേക്ക് മടങ്ങാനുള്ള അവകാശത്തിനായി സമരം നടത്തിയ സ്ത്രീകൾക്കെതിരെ വെടിയുതിർത്ത് താലിബാൻ. ആറുപേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഞങ്ങളുടെ പേന തകർക്കരുത്, പുസ്തകം കത്തിക്കരുത്, സ്കൂൾ അടയ്ക്കരുത്-എന്നെഴുതിയ ബാനറുമായാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. ബാനറുകൾ താലിബാൻ കീറിക്കളഞ്ഞു.
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്നാണ് വെടിയുതിർത്തത്. സ്ത്രീകൾക്ക് പ്രതിഷേധം നടത്താമെന്നും എന്നാൽ അനുമതി വാങ്ങണമെന്നാണ് താലിബാെൻറ ഉത്തരവ്.
താലിബാനെതിരെ ഖത്തർ
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള താലിബാെൻറ സമീപനം നിരാശാജനകമെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനി. അഫ്ഗാനിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. താലിബാൻ പിന്നോട്ടാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ദോഹ കരാർ അഫ്ഗാെൻറ പതനത്തിന് കാരണമായി'
ദോഹയിൽ താലിബാനും യു.എസും ഒപ്പുവെച്ച കരാറാണ് അഫ്ഗാനിസ്താെൻറ പതനത്തിനു വഴിയൊരുക്കിയതെന്ന് യു.എസ് സെൻട്രൽ കമാൻഡന്‍റ് മേധാവി ജനറൽ ഫ്രാങ്ക് മക്കെൻസി. 2020 ഫെബ്രുവരിയിൽ ദോഹയിൽ വെച്ചാണ് ട്രംപ് ഭരണകൂടവും താലിബാനും തമ്മിൽ കരാറുണ്ടാക്കിയത്.
2021 മേയ് അവസാനത്തോടെ യു.എസ് സൈന്യത്തെ അഫ്ഗാനിൽ നിന്ന് പൂർണമായി പിൻവലിക്കുമെന്നാണ് കരാറിലെ വാഗ്ദാനം. പകരമായി യു.എസ്-സഖ്യസേനക്കു നേരെയുള്ള ആക്രമണം താലിബാൻ അവസാനിപ്പിക്കണമെന്നും ഉപാധിവെച്ചു.
നിശ്ചയിച്ച തീയതിക്കുള്ളിൽ തന്നെ സൈന്യത്തെ പിൻവലിക്കാനായിരുന്നു ഡോണൾഡ് ട്രംപിെൻറ പിൻഗാമിയായെത്തിയ ജോ ബൈഡെൻറ തീരുമാനം. പിന്നീടത് ആഗസ്റ്റ് 31ലേക്ക് നീട്ടി.
അതേസമയം, 2500 സൈനികരെ അഫ്ഗാനിൽ നിലനിർത്തിയിരുന്നെങ്കിൽ അഫ്ഗാന് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നെന്ന് യു.എസ് സെനറ്റിൽ മക്കെൻസി വ്യക്തമാക്കി. മക്കെൻസിയുടെ അഭിപ്രായങ്ങൾ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.