താലിബാൻ കാബൂളിലേക്ക്; തന്ത്രപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കാൻ യു.എസ് നിർദേശം
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ കടക്കുന്നു. ഇക്കാര്യം അഫ്ഗാൻ ആഭ്യന്തര വകുപ്പും സായുധ സേനയും സ്ഥിരീകരിച്ചു. നാല് ഭാഗത്തുനിന്നും ഒരേസമയം കാബൂളിലേക്ക് പ്രവേശിക്കാനാണ് താലിബാൻ ഒരുങ്ങുന്നത്. അഫ്ഗാൻ സൈന്യം പ്രത്യാക്രമണം നടത്തുമോ അതോ കീഴടങ്ങുമോയെന്ന കാര്യം വ്യക്തമല്ല. അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും കാബൂളിൽ നിന്ന് ഒഴിഞ്ഞുപോകുന്നവരെ അതിനനുവദിക്കണമെന്നും നിർദേശം നൽകിയെന്ന് താലിബാൻ വക്താക്കൾ അറിയിച്ചു. ജലാലാബാദ് നഗരം പിടിച്ചെടുത്ത് കാബൂളിനെ ഒറ്റപ്പെടുത്തിയ താലിബാൻ, പാകിസ്താനിലേക്കുള്ള പാതയുടെ നിയന്ത്രണവും ഏറ്റെടുത്തിരുന്നു.
ബലപ്രയോഗത്തിലൂടെ കാബൂൾ പിടിച്ചെടുക്കില്ലെന്നും ജീവനോ സ്വത്തിനോ ഭീഷണിയില്ലാതെ സമാധാനപരമായും സുരക്ഷിതമായുമുള്ള അധികാരക്കൈമാറ്റത്തിന് ചർച്ചകൾ നടക്കുകയാണെന്നും താലിബാൻ ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, നഗരത്തിൽ നിന്ന് വൻതോതിലുള്ള ഒഴിഞ്ഞുപോക്ക് തുടരുകയാണ്.
ഇന്ന് രാവിലെയോടെയാണ് തന്ത്രപ്രധാനമായ ജലാലാബാദ് നഗരം താലിബാൻ പിടിച്ചെടുത്തത്. ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 28ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.
കാബൂൾ പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പാക്കാനുള്ള നടപടികൾക്ക് യു.എസ് വേഗം കൂട്ടി. അമേരിക്കൻ പൗരന്മാരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുഗമമായ ഒഴിപ്പിക്കലിന് വേണ്ടി 1000 സേനാംഗങ്ങളെ കൂടി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അഫ്ഗാനിലേക്ക് അയച്ചു.
രണ്ട് പതിറ്റാണ്ടു നീണ്ട സൈനിക നടപടിക്കിടെ അമേരിക്കൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ച അഫ്ഗാനികളെയും സുരക്ഷിതമായി ഒഴിപ്പിക്കും. ഇതിനായി 5000 സേനാംഗങ്ങളെയാണ് യു.എസ് നിയോഗിച്ചിട്ടുള്ളത്.
താലിബാൻ ഏത് നിമിഷവും നഗരം പിടിച്ചെടുക്കുമെന്ന സാഹചര്യത്തിൽ, കാബൂളിലെ യു.എസ് എംബസി അധികൃതരോട് തന്ത്രപ്രധാനമായ രേഖകൾ തീയിട്ട് നശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. അമേരിക്കൻ പതാകയുൾപ്പെടെ എല്ലാം നീക്കം ചെയ്യാനാണ് ഇന്‍റേണൽ മെമ്മോ വഴി നിർദേശം നൽകിയതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ തന്ത്രപ്രധാന രേഖകളും നശിപ്പിച്ചിരിക്കണമെന്നാണ് നിർദേശം. ഇതിനായി അവലംബിക്കേണ്ട മാർഗങ്ങളെ കുറിച്ചും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.