വിവാഹാഘോഷത്തിലെ പാട്ട് നിർത്താൻ താലിബാൻ 13 പേരെ കൊലപ്പെടുത്തിയെന്ന് അമറുല്ല സലേഹ്
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിൽ വിവാഹാഘോഷത്തിലെ പാട്ട് നിർത്താൻ താലിബാൻ 13 പേരെ കൂട്ടക്കൊല ചെയ്തെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്‍റ് അമറുല്ല സലേഹ്. താലിബാനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയവരിലൊരാളായ സലേഹ് ട്വീറ്റിലൂടെയാണ് ഇക്കാര്യം ആരോപിച്ചത്.
'നംഗർഹാറിൽ വിവാഹ ചടങ്ങിലെ പാട്ട് നിശബ്ദമാക്കാനായി താലിബാൻ സൈനികർ 13 പേരെ കൂട്ടക്കൊല ചെയ്തിരിക്കുന്നു. ഇതിനെ അപലപിച്ചുകൊണ്ട് മാത്രം നമ്മുടെ രോഷം പ്രകടിപ്പിക്കാൻ കഴിയില്ല. 25 വർഷമായി പാകിസ്താൻ അവരെ പരിശീലിപ്പിച്ചത് അഫ്‌ഗാൻ സംസ്‌കാരത്തെ നശിപ്പിക്കാനും പകരം ഐ.എസ്.ഐയുടെ മതഭ്രാന്ത് ഉപയോഗിച്ച് നമ്മുടെ മണ്ണിനെ നിയന്ത്രിക്കാനുമാണ്. അതാണ് ഇപ്പോൾ നടപ്പാക്കുന്നത്' -സലേഹ് ട്വീറ്റ് ചെയ്തു.
ഈ ഭരണം നിലനിൽക്കില്ല, പക്ഷേ അതിന്‍റെ അവസാനം വരെ അഫ്ഗാൻ ജനത വിലനൽകേണ്ടിവരുമെന്നും സലേഹ് പറഞ്ഞു.
പഞ്ച്ഷീർ പ്രവിശ്യയിൽ താലിബാനെതിരെ ചെറുത്തുനിൽപ്പ് നടത്തിയ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്കിയവരിലൊരാളാണ് അമറുല്ല സലേഹ്. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിട്ട മുൻ സർക്കാറിലെ നേതാക്കൾ ചേർന്ന് ഈയടുത്ത് പ്രവാസി ഭരണകൂടം രൂപീകരിച്ചിരുന്നു. അമറുല്ല സലേഹിന്‍റെ നേതൃത്വത്തിലാണ് അഫ്ഗാൻ പ്രവാസി ഭരണകൂടം നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.