എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സർക്കാർ വരുമെന്ന് താലിബാൻ നേതാവ് അൽജസീറയോട്
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച പങ്കാളിത്ത സർക്കാർ വരുമെന്ന് താലിബാൻ. അൽജസീറ ചാനലിനോട് മുതിർന്ന താലിബാൻ നേതാവിേൻറതാണ് വെളിപ്പെടുത്തൽ. രാജ്യത്തെ ഗോത്ര വർഗ ജനവിഭാഗത്തിന് അധികാരത്തിൽ പങ്കാളിത്തമുണ്ടാകുമെന്നും സ്ത്രീകൾക്ക് നിലവിലെ തൊഴിലുകളിൽ തുടരാമെന്നും താലിബാൻ വെളിപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സർക്കാർ രൂപവത്കരണത്തിെൻറ പ്രാരംഭ കൂടിയാലോചനകൾക്കായി ഉന്നത നേതാവ് മുല്ല ബറാദർ കാബൂളിലുണ്ട്. താലിബാൻ സ്ഥാപകൻ മുല്ല ഉമറിെൻറ മകൻ മുല്ല മുഹമ്മദ് യഅ്ഖൂബ് ചർച്ചകൾക്കായി കാന്തഹാറിൽ നിന്ന് കാബൂളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അധികം വൈകാതെ കാവൽ സർക്കാർ നിലവിൽ വരും. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുന്ന രാജ്യത്തെ നയിക്കാൻ ഒരു അമീറുൽ മുഅ്മിനീൻ ഉണ്ടാകും. ഭാവി സർക്കാറിനേയും മന്ത്രിമാരെയും നിയമിക്കാൻ ഉന്നതാധികാര സമിതിയും ഉണ്ടാകും.
തജിക്, ഉസ്ബെക് ഗോത്ര നേതാക്കളുടെ മക്കളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭക്ക് പുതിയ മുഖം നൽകും. പാശ്ചാത്യ പിന്തുണ ഉണ്ടായിരുന്ന മുൻ സർക്കാറിൽ തൊഴിലെടുത്ത പോലെ സ്ത്രീകൾക്ക് ഇനിയും തൊഴിൽ മേഖലയിൽ തുടരാം. പ്രധാനമായും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളുടെ സേവനം ഉറപ്പുവരുത്തും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്ത് ശിക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക തലത്തിൽ പ്രത്യേക കോടതികൾ രൂപവത്കരിക്കും.
കാവൽ സർക്കാറിെൻറ കാലാവധി എപ്പോൾ അവസാനിക്കുമെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നും താലിബാൻ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. വംശീയ, ഗോത്ര വൈവിധ്യങ്ങളാൽ സങ്കീർണമാണ് അഫ്ഗാനിസ്താൻ. ഒരു വിഭാഗത്തിനും അധികാരകേന്ദ്രത്തിലേക്ക് എത്തുംവിധം നിർണായക ഭൂരിപക്ഷമില്ല എന്നതു തെന്നയാണ് പ്രത്യേകത. നാല് കോടിക്കടുത്താണ് രാജ്യത്തെ ജനസംഖ്യ. ഇതിൽ 42 ശതമാനവും പഷ്തൂണുകളാണ്. പഷ്തു ഭാഷ സംസാരിക്കുന്ന ഇവരാണ് അഫ്ഗാൻ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചു പോരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.