സർക്കാർ രൂപവത്കരണം വീണ്ടും നീട്ടി താലിബാൻ
text_fieldsകാബൂൾ: പുതിയ സർക്കാർ രൂപവത്കരണം അടുത്ത ആഴ്ചയിലേക്ക് നീട്ടി താലിബാൻ. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഭരണസംവിധാനം അടുത്ത ആഴ്ചയോടെ രൂപപ്പെടുമെന്ന് താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് അറിയിച്ചു. ആഗസ്റ്റ് 15ന് കാബൂൾ കീഴടക്കിയശേഷം ഇത് രണ്ടാം തവണയാണ് സർക്കാർ രൂപവത്കരണം നീട്ടിവെക്കുന്നത്. താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബറാദറിൻെറ നേതൃത്വത്തിൽ ശനിയാഴ്ച പുതിയ സർക്കാർ നിലവിൽവരുമെന്ന വാർത്തകൾക്കിടെയാണ് വീണ്ടും നീട്ടിയത്.
ലോകരാജ്യങ്ങൾക്കു സ്വീകാര്യമായ വിധത്തിലുള്ള ഒരു സർക്കാർ രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതുകൊണ്ടാണ് ഈ കാലതാമസമെന്ന്, വിവിധ വിഭാഗങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ താലിബാൻ നിയോഗിച്ച സമിതിയംഗമായ ഖലീൽ ഹഖാനി ശനിയാഴ്ച പറഞ്ഞു. ''സ്വന്തം നിലയിൽ സർക്കാർ രൂപവത്കരിക്കാൻ താലിബാന് കഴിയും. എന്നാൽ, എല്ലാ പാർട്ടികളും വിഭാഗങ്ങളും ഉൾക്കൊള്ളുന്ന സർക്കാറിനുവേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്. താലിബാൻ മാത്രമായ സർക്കാർ ലോകത്തിന് സ്വീകാര്യമല്ലെന്നാണ് മനസ്സിലാക്കുന്നത്'' -ഹഖാനി വ്യക്തമാക്കി.
അഫ്ഗാൻ മുൻ പ്രധാനമന്ത്രി ഗുൽബുദ്ദീൻ ഹിക്മതിയാറും മുൻ പ്രസിഡൻറ് അശ്റഫ് ഗനിയുടെ സഹോദരനും താലിബാൻ സർക്കാറിൽ ചേരുമെന്ന് സൂചന നൽകിയ ഹഖാനി, മറ്റുള്ള നേതാക്കളുമായി ചർച്ച തുടരുകയാണെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ, പ്രവർത്തനം നിർത്തിവെച്ച കാബൂൾ വിമാനത്താവളത്തിലെ തകരാറുകൾ പരിഹരിച്ച് വിദേശ സഹായം എത്തിക്കാനാകുന്ന വിധത്തിൽ സർവിസുകൾ ആരംഭിച്ചതായി അഫ്ഗാനിലെ ഖത്തർ അംബാസഡർ അറിയിച്ചു. യാത്രവിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആകാശത്തേക്കു വെടിയുതിർത്തു നടത്തിയ ആഘോഷത്തിൽ അബദ്ധത്തിൽ ആളുകൾക്ക് വെടിയേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.