തെരഞ്ഞെടുപ്പിന് സമയമായില്ലെന്ന് താലിബാൻ; ഐക്യസർക്കാർ വൈകാതെ
text_fieldsകാബൂൾ: അഫ്ഗാനിൽ സർക്കാർ രൂപവത്കരിക്കുന്നതിന് താലിബാനും മുൻ പ്രസിഡൻറുമാരടങ്ങിയ ദേശീയ അനുരഞ്ജന കൗൺസിൽ നേതാക്കളും ചർച്ച തുടരവെ രാജ്യത്ത് തെരഞ്ഞെടുപ്പിന് സമയമായിട്ടില്ലെന്ന് താലിബാൻ. ആദ്യമായി രാജ്യത്തിെൻറ ഭരണഘടന തയാറാക്കി അംഗീകരിക്കേണ്ടതുണ്ടെന്നും അതിന് സമയമെടുക്കുമെന്നും മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ശഹീൻ വ്യക്തമാക്കി. ഇപ്പോഴത്തെ അധികാര ശൂന്യത നികത്തുന്നതിന് എല്ലാവരെയും ഉൾപ്പെടുത്തി സർക്കാർ ഉടൻ രൂപവത്കരിക്കുമെന്നും ചൈനയുടെ സി.ജി.ടി.എൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സുഹൈൽ അറിയിച്ചു.
അതേസമയം, ജർമൻ ചാനലായ ഡി.ഡബ്ല്യുവിെൻറ റിപ്പോർട്ടറെ തേടി വീട്ടിലെത്തിയ താലിബാൻ സേനയുടെ വെടിേയറ്റ് ബന്ധു കൊല്ലപ്പെട്ടതായി ചാനൽ അറിയിച്ചു. ചാനൽ റിപ്പോർട്ടർ ഇപ്പോൾ ജർമനിയിലാണ് ജോലിചെയ്യുന്നത്. മാധ്യമപ്രവർത്തകന്റെ ബന്ധുക്കൾ രാജ്യംവിടാനുള്ള തയാറെടുപ്പിലായിരുന്നു.
അതിനിടെ, കാബൂൾ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ജർമൻ പൗരന് വെടിയേറ്റു. പരിക്ക് ഗുരുതരമല്ലെന്നും ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്നും ജർമൻ സർക്കാറിെൻറ വക്താവ് ബർലിനിൽ അറിയിച്ചു. വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.
അഫ്ഗാനിസ്താനിൽനിന്ന് കാബൂൾ വിമാനത്താവളം വഴി അമേരിക്ക 3,000 പേരെ കൂടി ഒഴിപ്പിച്ചു. ഇതോടെ താലിബാൻ കാബൂൾ കീഴടക്കിയ ശേഷം അമേരിക്ക ഒഴിപ്പിച്ചവരുടെ എണ്ണം 9,000 ആയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യംവിടാൻ കാബൂൾ വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിനാളുകൾ കാത്തിരിക്കുകയാണ്.
അഫ്ഗാനിസ്താനിലുള്ളവർക്ക് അഭയം നൽകാൻ അയൽ രാജ്യങ്ങൾ അതിർത്തി തുറക്കണമെന്ന് അഭയാർഥികൾക്കായുള്ള യു.എൻ. ഹൈകമീഷണർ ഷാബിയ മൻതു നിർദേശിച്ചു. സാധാരണ നിലയിൽ രാജ്യം വിടാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.