പെൺകുട്ടികൾക്ക് പഠിക്കാമെന്ന് താലിബാൻ; ആൺകുട്ടികളോടൊപ്പം പഠിക്കാൻ അനുവദിക്കില്ല
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ സർവകലാശാലാ വിദ്യാർഥിനികൾക്ക് പഠനം തുടരാമെന്ന് താലിബാൻ. ബിരുദാനന്തര തലത്തിൽ ഉൾപ്പെടെ പഠനം തുടരാം. എന്നാൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് പഠിക്കാനാവില്ല. ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും. ശിരോവസ്ത്രം ധരിക്കൽ നിർബന്ധമാക്കുമെന്നും താലിബാൻ നേതൃത്വത്തിലുള്ള പുതിയ സർക്കാറിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
താലിബാൻ അധികാരത്തിലെത്തിയതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം, പൊതുജീവിതം തുടങ്ങിയ കാര്യങ്ങളിൽ വലിയ ആശങ്ക നിലനിന്നിരുന്നു. 20 വർഷം മുമ്പ് താലിബാൻ അധികാരത്തിലുണ്ടായിരുന്ന കാലയളവിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും പൊതുവിടങ്ങളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ന് നിലനിൽക്കുന്നതിൽ നിന്ന് ആരംഭിക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുകയെന്ന് ഹഖാനി പറഞ്ഞു. 20 വർഷം കൊണ്ട് സ്ത്രീകളോടുള്ള സമീപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താലിബാൻ ഏറെ മാറിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളെ പഠിപ്പിക്കാൻ സ്ത്രീകളായ അധ്യാപകരെ തന്നെ പരമാവധി നിയോഗിക്കും. സ്ത്രീകളായ അധ്യാപകർ ഒരുപാടുള്ളതിനാൽ ഇക്കാര്യത്തിൽ പ്രയാസമുണ്ടാകില്ല. എന്തൊക്കെ പഠിപ്പിക്കണമെന്ന കാര്യം അവലോകനം ചെയ്യും. മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും ലോകത്തിലെ തന്നെയും വിദ്യാർഥികളോട് കിടപിടിക്കുന്ന ബിരുദധാരികൾ അഫ്ഗാൻ സർവകലാശാലകളിൽ നിന്നുണ്ടാകണമെന്ന ആഗ്രഹവും ഹഖാനി പങ്കുവെച്ചു.
അതേസമയം, മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം താലിബാൻ വക്താവ് സെഖറുല്ല ഹാഷ്മി ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പ്രസവിക്കുകയും കുഞ്ഞുങ്ങളെ വളർത്തുകയുമാണ് സ്ത്രീകളുടെ ചുമതലയെന്നും താലിബാൻ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.