ജലാലാബാദും പിടിച്ചെടുത്ത് താലിബാൻ; കാബൂൾ ഒഴികെ പ്രധാന നഗരങ്ങളെല്ലാം നിയന്ത്രണത്തിൽ
text_fieldsകാബൂൾ: മസാറെ ശരീഫിന് പിന്നാലെ തന്ത്രപ്രധാനമായ ജലാലാബാദ് നഗരവും പിടിച്ചെടുത്ത് താലിബാൻ. ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. ഇതോടെ, തലസ്ഥാനമായ കാബൂൾ ഒഴികെ രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം താലിബാൻ നിയന്ത്രണത്തിലായി.
ജലാലാബാദിലെ പ്രവിശ്യ ഗവർണറുടെ ഓഫിസിൽ നിന്നുള്ള ചിത്രങ്ങൾ താലിബാൻ പുറത്തുവിട്ടിരുന്നു. ഏറ്റുമുട്ടലില്ലാതെയാണ് താലിബാൻ ജലാലാബാദ് പിടിച്ചെടുത്തതെന്ന് നഗരത്തിലെ അഫ്ഗാൻ സർക്കാർ അധികൃതരിലൊരാൾ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗവർണർ താലിബാന് കീഴടങ്ങുകയായിരുന്നു. താലിബാന് വഴിയൊരുക്കുക മാത്രമായിരുന്നു സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ സർക്കാറിന് കനത്ത തിരിച്ചടിയേകിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സൈന്യം പ്രതിരോധം തീർത്ത മസാറെ ശരീഫ് കീഴടക്കിയതോടെ രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ പൂർണമായും താലിബാൻ നിയന്ത്രണത്തിലായി. തലസ്ഥാനമായ കാബൂളിനെ വളഞ്ഞുകഴിഞ്ഞ താലിബാൻ 11 കിലോമീറ്റർ അകലെയുള്ള ചഹർ അസ്യാബ് ജില്ലയിൽ വരെ എത്തിയിരിക്കുകയാണ്.
മസാറെ ശരീഫിലെ സുരക്ഷാ സേന അതിർത്തി മേഖലകളിലേക്ക് രക്ഷപ്പെട്ടതായി ബാൾക് പ്രവിശ്യ മേധാവി അഫ്സൽ ഹദീദ് പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വലിയ പ്രതിരോധമുയർത്താതെയാണ് നഗരം കീഴടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 22ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാബൂൾ ആഴ്ചകൾക്കകം പിടിച്ചടക്കുമെന്നാണ് താലിബാന്‍റെ പ്രഖ്യാപനം. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.
ഇതിനിടെ, തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നത് വരെ വിമാനത്താവളങ്ങളുടെ നിയന്ത്രണം നിലനിർത്തുന്നതിനായി 3000 യു.എസ് മറീനുകൾ ശനിയാഴ്ച അഫ്ഗാനിലെത്തി. കൂടുതൽ സേനാംഗങ്ങൾ ഇന്നെത്തും. താലിബാൻ എത്തുംമുമ്പ് തന്ത്രപ്രധാനരേഖകള്‍ തീയിട്ടു നശിപ്പിക്കാന്‍ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
അതേസമയം, താലിബാനെ പ്രതിരോധിക്കാൻ സൈന്യത്തിെൻറ പുനർവിന്യാസത്തിനാണ് മുഖ്യ പരിഗണനയെന്ന് കഴിഞ്ഞ ദിവസം അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി പറഞ്ഞു. കാബൂളിന് തൊട്ടടുത്തെത്തി താലിബാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ടെലിവിഷൻ പ്രസംഗത്തിലാണ് ഗനി നയം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ, പ്രതിരോധ സേനകളുടെ പുനർവിന്യാസത്തിനാണു മുഖ്യപരിഗണന. ജനങ്ങളുടെമേൽ യുദ്ധം അടിച്ചേൽപിക്കാനോ കൂടുതൽ മരണങ്ങളോ ഞാനാഗ്രഹിക്കുന്നില്ല. അഫ്ഗാൻ ജനതക്ക് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാറിന് അകത്തും പുറത്തും വിപുല ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് -ഗനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.