കാബൂളിലെ ജനങ്ങളിൽ നിന്നും താലിബാൻ ആയുധങ്ങൾ ശേഖരിച്ച് തുടങ്ങി
text_fieldsകാബൂൾ: തലസ്ഥാനവും കീഴടക്കി രാജ്യ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ജനങ്ങളുടെ കൈവശം സൂക്ഷിച്ച ആയുധങ്ങൾ ശേഖരിച്ച് തുടങ്ങി. ജനങ്ങൾക്ക് സ്വയരക്ഷക്ക് ഇനി ആയുധങ്ങൾ ആവശ്യമില്ലെന്നാണ് താലിബാൻ വ്യക്തമാക്കിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
'സ്വയരക്ഷക്കായി സാധാരണക്കാർ ആയുധങ്ങൾ കൈവശം വെക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഇപ്പോൾ അവർ സുരക്ഷിതരാണ്. നിരപരാധികളെ ഞങ്ങൾ ദ്രോഹിക്കില്ല' -താലിബാൻ പ്രതിനിധി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
കാബൂളിലെ സ്ഥാപനങ്ങളിലെത്തി ആയുധങ്ങൾ കൈമാറാൻ താലിബാൻ ആവശ്യപ്പെടുന്നുണ്ട്. തന്‍റെ ഓഫിസ് കെട്ടിടത്തിലെത്തിയ താലിബാൻ അംഗങ്ങൾ സുരക്ഷാ ജീവനക്കാരുടെ കൈവശമുള്ള ആയുധങ്ങളെ കുറിച്ച് വിവരം തേടിയതായി ടോളോ ന്യൂസ് ഉടമസ്ഥരായ മൊബി ഗ്രൂപ്പ് മീഡിയ കമ്പനി ഡയറക്ടർ സാദ് മൊഹ്സനി ട്വീറ്റ് ചെയ്തു.
സുരക്ഷാ ജീവനക്കാർക്ക് സർക്കാര്് നൽകിയ ആയുധങ്ങൾ താലിബാൻ തിരിച്ചുവാങ്ങിയെന്നും സ്ഥാപനം സുരക്ഷിതമായിരിക്കുമെന്ന് വാഗ്ദാനം ചെയ്തതായും ടോളോ ന്യൂസ് ട്വീറ്റിൽ പറഞ്ഞു.
തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്‍റെ നിയന്ത്രണത്തിലായിരിക്കുകയാണ്. ആയിരങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങൾ തേടി പലായനം തുടരുന്നത്. പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.