അമേരിക്കൻ ഹെലികോപ്റ്ററിൽ താലിബാന്റെ പരിശീലനം; തകർന്ന് മൂന്ന് മരണം
text_fieldsകാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക് ഹോക് ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ തകർന്ന് മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. 30 ദശലക്ഷം ഡോളറോളം വിലവരുന്ന ഹെലികോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് നിലംപതിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 36 സെക്കൻഡ് നീളുന്ന അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാബൂളിലെ സൈനിക വിമാത്താവളങ്ങളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ കാരണമാണ് ഹെലികോപ്റ്റർ തകർന്നതെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പരിശീലന പറക്കൽ ആയിരുന്നെന്നും അഞ്ചുപേർക്ക് പരിക്കേറ്റതായും താലിബാൻ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റില്‍ യു.എസ് സൈന്യം പിന്മാറിയതോടെ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. 70ഓളം വിമാനങ്ങളും നിരവധി യുദ്ധോപകരണങ്ങളും നശിപ്പിച്ചാണ് അമേരിക്കൻ സൈന്യം തിരിച്ചുപോയത്. എന്നാൽ, ചില വിമാനങ്ങളും ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് തകർന്നതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.