പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ; സ്ത്രീകള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും വിലക്കുണ്ടാവില്ലെന്ന്
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ, എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഭരണകൂടവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇവരോട് ജോലിയിൽ തിരിച്ചുവരാൻ നിർദേശിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍റെ മണ്ണില്‍ മറ്റു രാജ്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും കാബൂളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും താലിബാൻ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു.എന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികള്‍ നേരിട്ടു ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തവണ അഫ്ഗാൻ കീഴടക്കിയ ശേഷം താലിബാൻ നടത്തുന്ന ആദ്യ വാർത്താസമ്മേളനമായിരുന്നു ചൊവ്വാഴ്ച നടന്നത്. ജനങ്ങളിൽ വ്യാപകമായ, ഭീതിയെ അകറ്റുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾക്കായിരുന്നു താലിബാൻ വക്താവ് സൈബുല്ല മുജാഹിദ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഊന്നൽ നൽകിയത്.
സ്ത്രീകള്‍ക്കു ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനും അനുമതി നല്‍കും. സ്ത്രീകള്‍ക്ക് ഇസ്‍ലാം നല്‍കുന്ന എല്ലാ അവകാശങ്ങളും ഉറപ്പാക്കും.
എല്ലാവര്‍ക്കും പൊതുമാപ്പ് നൽകും. വിദേശ സൈന്യങ്ങള്‍ക്കൊപ്പം താലിബാനെ എതിര്‍ത്തവരോട് പ്രതികാരം ചെയ്യില്ലെന്നും വക്താവ് പറഞ്ഞു. സ്ത്രീകളെ ഭരണത്തിൽ പങ്കാളികളാകാൻ ക്ഷണിച്ച താലിബാൻ മാറ്റത്തിനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.
മുന്‍ സര്‍ക്കാരിനൊപ്പം നിന്നവരടക്കം എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കും. വിദ്യാഭ്യാസവും അനുഭവ സമ്പത്തുമുള്ള ആരും രാജ്യം വിട്ടുപോകരുത്. യുദ്ധമല്ല, സ്ഥിരതയും സമാധാനവുമാണ് അഫ്ഗാനിൽ ആഗ്രഹിക്കുന്നതെന്നും എല്ലാവരും സാധാരണ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ തിരിച്ചുവരണമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
തലസ്ഥാനനഗരിയായ കാബൂൾ കീഴടക്കിയതിനു പിന്നാലെയുണ്ടായ പരിഭ്രാന്തിയും കൂട്ടപലായന ശ്രമങ്ങളും ആഗോളതലത്തിൽതന്നെ കടുത്ത ആശങ്ക ഉയർത്തിയ പശ്ചാത്തലത്തിലാണ്, താലിബാെൻറ പുതിയ നീക്കം. ചൊവ്വാഴ്ച കാബൂൾ നഗരം സമാധാനനില വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. കാബൂൾ വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിച്ചതോടെ, വിദേശ രാജ്യങ്ങൾ നയതന്ത്ര ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ സജീവമാക്കി. രാജ്യത്ത് ഉടനെ സർക്കാർ സംവിധാനമുണ്ടാകുമെന്നും അതിനു കളമൊരുക്കാൻ വിദേശസേനകൾ ഒഴിഞ്ഞുപോകുന്നതിന് കാത്തിരിക്കുകയാണെന്നും താലിബാൻ സാംസ്കാരിക സമിതി അംഗം ഇനാമുല്ല സമൻഗനി അറിയിച്ചു. ഭരണകൂടത്തിെൻറ ഘടന പൂർണമായി പറയാറായിട്ടില്ല. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഇസ്ലാമിക ഭരണത്തിനായിരിക്കും ശ്രമിക്കുകയെന്നും ഇനാമുല്ല കൂട്ടിച്ചേർത്തു.
ഭരണം പിടിച്ചതിനു പിന്നാലെ രാജ്യമെങ്ങും അക്രമം അഴിച്ചുവിടുമെന്ന പ്രചാരണത്തിൽ ജനങ്ങൾ ഭയപ്പെട്ടുവെന്ന് മനസ്സിലാക്കിയ താലിബാൻ, പൗരന്മാരുടെ വിശ്വാസമാർജിക്കാൻ നീക്കം തുടങ്ങിയതായി 'അൽജസീറ'യുടെ കാബൂൾ ലേഖകൻ റോബ് മാക്ബ്രൈഡ് റിപ്പോർട്ടു ചെയ്തു.
മറ്റുള്ളവരുടെയെല്ലാം അഭിപ്രായങ്ങൾ പരിഗണിച്ചു മുന്നോട്ടുപോകുമെന്ന താലിബാെൻറ പ്രഖ്യാപനം ശുഭോദർക്കമാണെന്ന് റഷ്യ പ്രസ്താവിച്ചു. ചൈന, പാകിസ്താൻ, റഷ്യ എംബസികൾ പ്രവർത്തനം തുടരുന്നുണ്ട്. താലിബാൻ പ്രതിനിധി സംഘം ദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു. അഫ്ഗാനിൽ താലിബാൻ അടക്കമുള്ള വിവിധ കക്ഷികളുമായി ചർച്ചകൾ നടത്തിവരുകയാണെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലു അറിയിച്ചു.
ചൈനക്കു പുറമെ ചൊവ്വാഴ്ച റഷ്യയും താലിബാൻ ഭരണത്തെ പിന്തുണക്കുമെന്നറിയിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാെൻറ മുന്നോട്ടുള്ള ശരിയായ വഴിയെന്ന് പാകിസ്താനും പ്രതികരിച്ചു. എന്നാൽ, പടിഞ്ഞാറിനെ ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ഇടവരുത്തരുതെന്ന് ബ്രിട്ടൻ താലിബാന് മുന്നറിയിപ്പ് നൽകി. അഫ്ഗാെൻറ സൈനികസംവിധാനത്തിെൻറ അപ്രതീക്ഷിത തകർച്ചക്ക് ഉത്തരവാദികൾ രാജ്യഭരണാധികാരികളാണെന്ന് നാറ്റോ ആരോപിച്ചു. എന്നാൽ, സേനാപിന്മാറ്റത്തിൽ മാറ്റമൊന്നും ഇല്ലെന്നും രാജ്യത്തുനിന്നു പരമാവധി അമേരിക്കൻ പൗരന്മാരെയും തങ്ങളുടെ അഫ്ഗാനിലെ സഹായികളെയും ഒഴിപ്പിക്കുമെന്നും യു.എസ് പ്രതിരോധകേന്ദ്രമായ പെൻറഗൺ അറിയിച്ചു.
അഫ്ഗാനിലെ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുമായി ചർച്ചകൾക്കായി മുതിർന്ന താലിബാൻ നേതാവ് അമീർഖാൻ മുത്തഖി കാബൂളിലെത്തി. അഫ്ഗാനിൽനിന്നുള്ള അഭയാർഥികളെ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും ആരെയും പുറത്താക്കരുതെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.