ഭൂചലനത്തിൽ തകർന്ന് അഫ്ഗാൻ, ഉപരോധം പിൻവലിക്കാൻ അഭ്യർഥിച്ച് താലിബാൻ
text_fieldsകാബൂൾ: അമേരിക്ക അടക്കം ലോകരാജ്യങ്ങൾ അഫ്ഗാന് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ മാറ്റണമെന്നും കേന്ദ്ര ബാങ്കുകളിലെ സ്വത്തുക്കൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് സഹായാഭ്യർഥന.
ബുധനാഴ്ച രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്ത് ഉണ്ടായ ഭൂചലനത്തിൽ 2000ത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും 10,000ത്തോളം വീടുകൾ തകരുകയും ചെയ്തിരുന്നു. ആരോഗ്യ മേഖല വികസിച്ചിട്ടില്ലാത്ത അഫ്ഗാന് ഇത് കനത്ത തിരിച്ചടി ഉണ്ടാക്കി.
"അഫ്ഗാൻ ജനതയുടെ നിലനിൽപിനും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുവാനും ലോകരാജ്യങ്ങൾ സഹകരിക്കണം. ഇതിനായി ഉപരോധങ്ങൾ പിൻവലിക്കുകയും കേന്ദ്ര ബാങ്കുകളിലെ അഫ്ഗാന്‍റെ സ്വത്തുക്കൾ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യണം" -വിദേശകാര്യ വക്താവ് അബ്ദുൾ ഖാഹർ ബൽഖി പറഞ്ഞു.
2021ൽ അമേരിക്ക അഫ്ഗാൻ വിടുകയും തുടർന്ന് താലിബാൻ ഭരണം പിടിക്കുകയും ചെയ്തതോടെ മറ്റ് രാജ്യങ്ങൾ അഫ്ഗാന് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അഫ്ഗാൻ കേന്ദ്ര ബാങ്കിലുള്ള ശതകോടി ഡോളറുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര ബാങ്കിലെ പണം ഉപയോഗിക്കാനുള്ള സംവിധാനം ഉടൻ ചെയ്യുമെന്നും കൂടുതൽ സഹായങ്ങൾ എത്തിക്കുവാൻ മനുഷ്യാവകാശ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ക്യാരീൻ ഷാൺ പിയറി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.