ഇതാണ് യഥാർഥ സ്വാതന്ത്ര്യം; താൻസനിയയിൽ സ്വാതന്ത്ര്യ ദിനാഘോഷം റദ്ദാക്കി, കുട്ടികൾക്ക് താമസകേന്ദ്രങ്ങൾ നിർമിക്കും
text_fieldsനൈറോബി: വർണാഭമായ സ്വാതന്ത്ര്യ ദിനാഘോഷം ഒഴിവാക്കി ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് താമസ കേന്ദ്രങ്ങൾ നിർമിക്കാൻ താൻസനിയ. വെള്ളിയാഴ്ച നടത്താനിരുന്ന 61ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പൊലിമ ഒഴിവാക്കി ആ തുക കുട്ടികൾക്കായി മാറ്റിവെച്ചാണ് ഈ ആഫ്രിക്കൻ രാജ്യം മാതൃക സൃഷ്ടിക്കുന്നത്. ആഘോഷങ്ങൾക്കായി നീക്കിവെച്ച 4.45 ലക്ഷം ഡോളർ ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു സ്കൂളുകൾക്ക് സമീപം കുട്ടികൾക്കായി ഡോർമിറ്ററികൾ നിർമിക്കാൻ പ്രസിഡന്റ് സമിയ സുലുഹു ഹസൻ ആണ് ഉത്തരവിട്ടത്.
ആഡംബരവും വിരുന്നുകളും ഒഴിവാക്കി പകരം വികസനത്തെ കുറിച്ച പൊതുസംവാദങ്ങൾ നടത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് തീരുമാനം. കുട്ടികൾക്ക് താമസകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചുകഴിഞ്ഞതായി മന്ത്രി ജോർജ് സിംബാംച്ചവനെ പറഞ്ഞു.
നേരത്തേയും ആഡംബരപൂർണമായ സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവെച്ച് താൻസനിയ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചിരുന്നു. 2015ൽ ആഘോഷത്തിനുള്ള ഫണ്ട് ഉപയോഗിച്ച് വാണിജ്യ തലസ്ഥാനമായ ദാറെ സലാമിൽ റോഡ് നിർമിച്ചും 2020ൽ ആഘോഷ ബജറ്റ് ആരോഗ്യ മേഖലയിലേക്ക് തിരിച്ചുവിട്ടുമാണ് അന്നത്തെ പ്രസിഡന്റ് ജോൺ മഗുഫുലി മാതൃക കാണിച്ചത്. ജോൺ മഗുഫുലിയുടെ പിൻഗാമിയായി അധികാരത്തിലെത്തിയ സമിയ സുലുഹു താൻസനിയയുടെ ആദ്യ വനിത പ്രസിഡന്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.