'ഒരു പുരുഷൻ അൽപം വസ്ത്രം മാത്രമാണ് ധരിക്കുന്നതെങ്കിൽ...'; ഇംറാൻ ഖാെൻറ വിവാദ പ്രസ്താവനക്കതിരെ തസ്ലീമ നസ്റിൻ
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്റിൻ.
അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇംറാെൻറ വിവാദ പ്രസ്താവന. 'സ്ത്രീകൾ അൽപവസ്ത്രം ധരിച്ചാൽ അത് പുരുഷൻമാരെ സ്വാധീനിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ്'-ഇംറാൻ പറഞ്ഞു.
'ഒരു പുരുഷൻ അൽപം വസ്ത്രം മാത്രമാണ് ധരിക്കുന്നതെങ്കിൽ, അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം'-ഇംറാൻ ഖാൻ ഷർട്ടിടാതെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് തസ്ലീമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇംറാെൻറ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി. ഇതിനുമുമ്പും സമാന പ്രസ്താവന ഇംറാൻ നടത്തിയിരുന്നു. പാകിസ്താനിൽ ലൈംഗികാതിക്രമങ്ങൾക്ക് കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് പറഞ്ഞത്.
'പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പർദയുടെ ആശയം. എന്നാൽ, ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല' -എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.