'ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി'; ഫിൻലൻഡിനെ 'ഭരിച്ച്' 16കാരി ആവാ മുർട്ടോ
text_fieldsഹെൽസിങ്കി: 2001ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ 'നായകി'ലെ കഥ പോലെയായിരുന്നു അത്. നായകനായ അനിൽ കപൂർ 'ഒരു ദിവസം' മുഖ്യമന്ത്രി പദവി താൽക്കാലികമായി ഏറ്റെടുക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവിശ്വസനീയമായ ആ സിനിമാക്കഥ അങ്ങ് ഫിൻലൻഡിൽ യാഥാർഥ്യമായി. ഒരു ദിവസത്തേക്ക് രാജ്യത്തിെൻറ പ്രധാനമന്ത്രി പദവിയിലിരിക്കാൻ അവസരം ലഭിച്ചത് ഒരു കൗമാരക്കാരിക്കാണ്. പ്രധാനമന്ത്രി സന്ന മരിൻ ബുധനാഴ്ച തെൻറ അധികാരം താൽകാലികമായി കൈമാറിയത് തെക്കൻ ഫിൻലൻഡിലെ വാസ്കിയിൽനിന്നുള്ള 16കാരി ആവാ മുർട്ടോക്കായിരുന്നു.
രാജ്യത്ത് പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിെൻറ ഭാഗമായാണ് മുർട്ടോ 'പ്രധാനമന്ത്രി' ആയത്. ആവേശകരമായ ദിവസമായിരുന്നു ഇതെന്ന് ആേവാ പറയുന്നു. ചാൻസലർ ഓഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയശേഷം പാർലമെൻറിെൻറ പടവുകളിൽ 'പ്രധാനമന്ത്രി' മാധ്യമങ്ങളെ അഭിമുഖീകരിച്ചു.
കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിൽ മുന്നണിപ്പോരാളിയാണ് ആവാ. ബുധനാഴ്ച നിരവധി എം.പിമാരുമായും മന്ത്രിമാരുമായും അവൾ വികസനത്തെക്കുറിച്ചും വിദേശ വ്യാപാരങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. 'പെൺകുട്ടികൾ എത്ര പ്രധാനപ്പെട്ടവരാണെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. സാങ്കേതികയിൽ ആൺകുട്ടികളെപ്പോലെ അവരും മിടുക്കരാണ്. കൂടുതൽ പരിഷ്കരണങ്ങൾക്കായി മുതിർന്നവർക്ക് മാർഗദർശനം നൽകാനും ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും യുവജനതക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്' -ആവാ എ.എഫ്.പിയോട് പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്ലാൻ ഇൻറർനാഷനൽ എന്ന ചാരിറ്റി സംഘടനയുടെ 'ഗേൾസ് ടേക്കോവർ' കാമ്പയിെൻറ ഭാഗമായാണ് 'ഒരു ദിവസം പ്രധാനമന്ത്രി' പരിപാടി നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.