യു.എസ് പ്രാദേശിക തെരഞ്ഞെടുപ്പ്: 10 ഇന്ത്യൻ വംശജർക്ക് ജയം
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ നടന്ന വിവിധ സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ 10 ഇന്ത്യൻ വംശജർക്ക് വിജയം. അമേരിക്കൻ ജനസംഖ്യയിൽ ഒരു ശതമാനത്തോളം വരുന്ന ഇന്ത്യൻ വംശജർക്ക് ഭരണതലത്തിൽ ലഭിക്കുന്ന വർധിച്ച സ്വാധീനമാണ് ഇത് തെളിയിക്കുന്നത്. എല്ലാവരും ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിലാണ് മത്സരിച്ചത്.
വിർജീനിയ സംസ്ഥാന സെനറ്റിലേക്ക് ഹൈദരാബാദിൽ ജനിച്ച ഗസാല ഹാഷ്മി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിർജീനിയ സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയും മുസ്ലിമുമാണ് ഇവർ. വിർജീനിയ സെനറ്റിലേക്ക് സുഹാസ് സുബ്രഹ്മണ്യനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒബാമ ഭരണകൂടത്തിൽ വൈറ്റ് ഹൗസിലെ സാങ്കേതികവിദ്യ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. വിർജീനിയ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദുവുമാണ് ഇദ്ദേഹം.
വിർജീനിയ ഹൗസ് ഓഫ് ഡെലഗേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൻ ശ്രീനിവാസൻ, ന്യൂ ജഴ്സി സെനറ്റിലേക്ക് വിജയിച്ച വിൻ ഗോപാൽ, രാജ് മുഖർജി, ന്യൂജഴ്സി ബർലിങ്ടൺ കൗണ്ടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബൽവീർ സിങ്, പെൻസിൽവാനിയയിൽ മോണ്ട്ഗോമറി കൗണ്ടി കമീഷണറായി തെരഞ്ഞെടുക്കപ്പെട്ട നീൽ മഖിജ, ഇന്ത്യാനയിലെ കാർമൽ സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. അനിത ജോഷി, ഒഹായോയിലെ ഗഹാന സിറ്റി അറ്റോർണിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയ തമിഴരശൻ, കണേറ്റിക്കട്ടിലെ ഹാർട്ട്ഫോർഡ് മേയറായി തെരഞ്ഞെടുക്കപ്പെട്ട അരുണൻ അരുളംപാലം എന്നിവരാണ് മറ്റ് ഇന്ത്യൻ വംശജർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.