ടെനറീഫിലെ കൂട്ടിയിടി; ലോകത്തെ നടുക്കിയ വിമാന ദുരന്തം, മരിച്ചത് 583 പേർ
text_fieldsവിമാനാപകടങ്ങളുടെ പട്ടികയിൽ ലോകം നടുങ്ങിയ ഒരു അപകടത്തിന്‍റെ പേരുണ്ട്. ടെനറീഫ് എയർ ക്രാഷ്. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നപ്പോൾ മരിച്ചത് 583 പേരാണ്. ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച വിമാന ദുരന്തമാണിത്.
1977 മാർച്ച് 27നാണ് ടെനറീഫ് ദുരന്തമുണ്ടായത്. ഇപ്പോൾ ടെനറീഫ് നോർത്ത് എയർപോർട്ട് എന്നറിയപ്പെടുന്ന ലോസ് റോഡിയോസ് എയർപോർട്ടിന്‍റെ റൺവേയിൽ രണ്ട് ബോയിങ് വിമാനങ്ങൾ നേർക്കുനേർ വരികയായിരുന്നു.
സ്പെയിനിലെ ഗ്രാൻ കനേരിയ വിമാനത്താവളത്തിൽ തീവ്രവാദി ഭീഷണിയെ തുടർന്ന് നിരവധി വിമാനങ്ങൾ ടെനറീഫിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. അപകടത്തിൽപ്പെട്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടവയാണ്.
വിമാനങ്ങൾ വഴിതിരിച്ച് വിട്ടതോടെ ടെനറീഫിലെ വിമാനത്താവളത്തിന് ഉൾക്കൊള്ളാവുന്നതിലേറെ വിമാനങ്ങളായി. ഒരു റണ്‍വേയും ഒരു ടാക്‌സിവേയും മാത്രമുള്ള വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുക പ്രയാസമായിരുന്നു.
കനത്ത മൂടൽ മഞ്ഞ് പൈലറ്റിന്‍റെയും എയർ ട്രാഫിക് കൺട്രോളിന്‍റെയും കാഴ്ച മറക്കുന്നുണ്ടായിരുന്നു. ഗ്രാൻ കനേരിയ എയർപോർട്ട് വീണ്ടും തുറന്നു എന്ന അറിയിപ്പ് കിട്ടിയ ശേഷം പുറപ്പെടാനൊരുങ്ങിയ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഡച്ച് കമ്പനിയായ കെ.എൽ.എമ്മിന്‍റെ 4805 വിമാനവും പാൻ അമേരിക്കൻ എയർലൈൻസിന്‍റെ 1736 വിമാനവുമാണ് ദുരന്തത്തിൽ പെട്ടത്.
കെ.എൽ.എം വിമാനത്തിന് ടേക് ഓഫിനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ, അതേസമയം തന്നെ പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്യുന്നുണ്ടായിരുന്നു. എയർ ട്രാഫിക് കൺട്രോളർക്കോ പൈലറ്റുമാർക്കോ രണ്ടുവിമാനങ്ങളും മൂടൽമഞ്ഞ് കാരണം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പറന്നുയരാനായി കുതിച്ച കെ.എൽ.എം വിമാനത്തിന്‍റെ വലത് ചിറകും എൻജിനുകളും ലാൻഡിങ് ഗിയറും പാൻ എം.എം വിമാനത്തിന്‍റെ മുകളിൽ വന്നിടിച്ചു. പാൻ എ.എം വിമാനത്തിന്‍റെ മുകൾവശം മുഴുവനായി തകർന്നു. തീഗോളങ്ങൾ ആകാശത്തേക്കുയർന്നു.
കെ.എൽ.എം വിമാനത്തിലുണ്ടായിരുന്ന 248 പേരിൽ ഒരാൾ പോലും രക്ഷപ്പെട്ടില്ല. പാൻ എ.എം വിമാനത്തിലെ 335 പേർ മരിച്ചു. 61 പേർ രക്ഷപ്പെടുകയും ചെയ്തു. 583 പേർ മരിച്ച വിമാനദുരന്തം ലോകം കണ്ട എക്കാലത്തെയും വലിയ വിമാന ദുരന്തമായി.
സ്പെയിൻ നടത്തിയ അന്വേഷണത്തിൽ കെ.എൽ.എം വിമാനത്തിലെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നിർദേശം ലഭിച്ചെന്ന വിശ്വാസത്തിൽ വിമാനം ടേക്ഓഫിന് ഒരുങ്ങിയതാണ് അപകത്തിന്‍റെ പ്രാഥമിക കാരണമെന്ന് കണ്ടെത്തി. ആശയവിനിമയത്തിലെ പിഴവുകളാണ് പ്രധാന കാരണമെന്ന് ഡച്ച് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെ.എൽ.എം ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയാറായി.
ഈ ദുരന്തം പിന്നീട് വൈമാനിക മേഖലയിൽ നിരവധി മാറ്റങ്ങൾക്ക് വഴിമരുന്നായി. സുരക്ഷ വർധിപ്പിക്കുന്നതിന്‍റെയും ആശയവിനിമയം കൃത്യമായിരിക്കേണ്ടതിന്‍റെയും പ്രാധാന്യം ദുരന്തത്തോടെ അധികൃതർ തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.