പശ്ചിമേഷ്യയിൽ സംഘർഷം കനത്തു; അശാന്തി പുകയുന്നു
text_fieldsപശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ ഫലസ്തീൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളെ നേരിട്ടും ഈജിപ്ത്, ജോർഡൻ തുടങ്ങിയ രാജ്യങ്ങളെ പരോക്ഷമായും സംഘർഷം ബാധിച്ചു
മൂന്നര മാസം പിന്നിട്ട ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനുപിന്നാലെ പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുമ്പോൾ, ചെങ്കടലിൽ ഹൂതികളും അമേരിക്കൻ നാവിക സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്. ചെങ്കടലിൽ ഹൂതികളെ തുരത്താൻ കൂടുതൽ ശക്തമായ ഓപറേഷന് ഒരുങ്ങുകയാണ് അമേരിക്ക. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ലബനാനിലും ആക്രമണം നടത്തുന്നുണ്ട്.
മറുവശത്ത്, ജനുവരി മൂന്നിനുണ്ടായ ഭീകരാക്രമണത്തിന്റെ പ്രതികരണമെന്നോണം ഇറാനും അയൽരാജ്യങ്ങൾക്കുനേരെ രണ്ടുദിവസമായി കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇറാഖിലെ ഇസ്രായേൽ ചാര സംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനുനേരെയും സിറിയയിൽ ഐ.എസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയും വ്യോമാക്രമണം നടത്തിയതിനുപിന്നാലെ ബുധനാഴ്ച പാകിസ്‍താനിലേക്കും ഇറാൻ മിസൈൽ പായിച്ചു.
മേഖലയിലെ ബലൂച് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇറാന്റെ വാദം. ഫലത്തിൽ, പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ ഫലസ്തീൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളെ നേരിട്ടും ഈജിപ്ത്, ജോർഡൻ തുടങ്ങിയ രാജ്യങ്ങളെ പരോക്ഷമായും സംഘർഷം ബാധിച്ചു.
ഫലസ്തീനിൽ നരവേട്ടക്ക് അറുതിയില്ല
- കഴിഞ്ഞദിവസം ഗസ്സയിലെ ഖാൻ യൂനുസിലുണ്ടായ ആക്രമണത്തിനുപിന്നാലെ ബുധനാഴ്ച വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. രണ്ട് അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. 85 ഫലസ്തീനികളെ ഇസ്രായേൽ തടവിലാക്കുകയും ചെയ്തു.
- ഖാൻ യൂനുസിൽ 23 മരണം. ഗസ്സയിൽ അഞ്ച് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ.
- ഒക്ടോബർ എട്ടിനുശേഷം കൊല്ലപ്പെട്ട ഫലസ്തീനികൾ കാൽലക്ഷത്തിലേക്ക്.
- ഗസ്സയിലെ ഇസ്രായേൽ ബന്ദികൾക്കുള്ള മരുന്ന് വിതരണം ചെയ്യുന്നതുസംബന്ധിച്ച് കരാറായി. ഇതിന്റെ ഭാഗമായി മരുന്നുമായി ആദ്യ വിമാനം ഈജിപ്തിലെത്തി.
- ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംഘർഷം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങൾ.
ഇറാന്റെ ഭീകരവിരുദ്ധ പോരാട്ടം
- ജനുവരി മൂന്നിന് ദക്ഷിണ ഇറാനിലെ കിർമാനിൽ 84 പേർ മരിച്ച ഭീകരാക്രമണത്തെത്തുടർന്ന് അയൽ രാജ്യങ്ങളുമായി ബന്ധം വഷളായി.
- കഴിഞ്ഞദിവസം ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിൽ വ്യോമാക്രമണം നടത്തിയ ഇറാൻ ബുധനാഴ്ച പാകിസ്താനിലും ഡ്രോൺ ആക്രമണം നടത്തി. രണ്ട് കുട്ടികൾ മരിച്ചതായി പാക് വൃത്തങ്ങൾ.
- ഡ്രോൺ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലെ അസ്വാരസ്യം മൂർച്ഛിക്കാൻ കാരണമായി. പാകിസ്‍താനിലെ ഇറാൻ അംബാസഡറെ വിളിപ്പിച്ച് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി.
- ജെയ്ഷെ അൽ അദ്ൽ എന്ന ബലൂചി ഭീകര സംഘടനയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസത്തെ ആക്രമണത്തിനെതിരെ ഇറാഖ് ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്.
ചെങ്കടലിലെ പടനീക്കങ്ങൾ, തിരിച്ചടികൾ...
- ദിവസങ്ങൾക്കിടെ മൂന്നാം തവണയും ഹൂതികൾക്കുനേരെ യു.എസ് ആക്രമണം.
- ഒരാഴ്ച മുമ്പാണ് യമനിലെ വിവിധ ഭാഗങ്ങളിൽ യു.എസ്- യു.കെ സംയുക്ത വ്യോമാക്രമണം നടന്നത്.
- ഇറാനിൽനിന്ന് ഹൂതികൾക്കുള്ള ആയുധങ്ങളെന്ന് ആരോപിച്ച്, യമനിലേക്ക് പോവുകയായിരുന്ന ബോട്ട് യു.എസ് നാവികസേന ആക്രമിച്ച് തകർത്തു. ഒടുവിൽ ഇസ്രായേലിലേക്ക് പോവുന്ന ഗ്രീക്ക് കപ്പൽ ആക്രമിക്കപ്പെട്ടു. കാര്യമായ പരിക്കില്ലാത്തതിനാൽ യാത്ര തുടർന്നു.
- ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്താൻ തിരക്കിട്ട നീക്കവുമായി ബൈഡൻ ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.