ഇറാനിൽ അയയാതെ സംഘർഷം, സർക്കാർ വെബ്‌സൈറ്റുകൾ ആക്രമിച്ചു
text_fieldsതെഹ്റാൻ: ഇറാൻ സർക്കാറിന്റെ രണ്ട് പ്രധാന വെബ്‌സൈറ്റുകൾക്കും നിരവധി മാധ്യമ വെബ്‌സൈറ്റുകൾക്കും നേരെ സൈബർ ആക്രമണം. ഇറാനിലെ പരമ്പരാഗത വസ്ത്രധാരണരീതി ലംഘിച്ചതിന് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനി (22) കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുള്ള പ്രതിഷേധങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിട്ടാണ് വെബ്സൈറ്റുകൾ അജ്ഞാതർ ഹാക്ക് ചെയ്തത്. സൈബർ ആക്രമണം നടത്തിയതായി ട്വിറ്റർ അക്കൗണ്ട് വഴി വെളിപ്പെടുത്തിയതിന് പിന്നാലെ ഇറാനിയൻ സർക്കാർ, ഔദ്യോഗിക മാധ്യമ വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി.
മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം ശിരോവസ്ത്ര നിയമങ്ങൾക്കും മതകാര്യ പൊലീസിനുമെതിരായ പ്രതിഷേധം അഞ്ചാംദിവസമായ ചൊവ്വാഴ്ചയും ഇറാനിൽ തുടർന്നു. പ്രതിഷേധത്തിന്റെ മുൻനിരയിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പരസ്യമായി മുടിമുറിച്ച സ്ത്രീകൾ ശിരോവസ്ത്രത്തിന് തീകൊളുത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ജന്മനാടായ സാക്വസിൽ ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അമിനിയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുറഞ്ഞത് ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. എന്നാൽ, മൂന്നുപേർ മരിച്ചതായി കുർദിസ്ഥാൻ പ്രവിശ്യ ഗവർണർ ഇസ്മായിൽ സാറേയ് കൗഷ വ്യക്തമാക്കി. സംഘർഷമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർ മരണം സ്ഥിരീകരിക്കുന്നത്.
വെടിയേറ്റ് മരിച്ച മൂന്ന് പ്രതിഷേധക്കാരിൽ ഒരു വനിതയുമുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. കെർമാൻഷായിൽ രണ്ട് സാധാരണക്കാരെയും ഷിറാസിൽ ഒരു പൊലീസ് അസിസ്റ്റന്റിനെയും പ്രതിഷേധക്കാർ കൊലപ്പെടുത്തിയതായി അധികൃതരും ആരോപിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സഹായി തിങ്കളാഴ്ച അമിനിയുടെ കുടുംബത്തെ സന്ദർശിച്ചു. മുതിർന്ന എം.പി ജലാൽ റാഷിദി കൂച്ചി മതകാര്യ പൊലീസിനെ പരസ്യമായി വിമർശിച്ചു. സേന ഇറാന് നഷ്ടമുണ്ടാക്കിയതായി അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.