പാക് റെയിൽവേ സ്റ്റേഷനിലെ ഭീകരാക്രമണം; മരണം 27 ആയി, 62 പേർക്ക് പരിക്ക്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയിൽ റെയിൽവേ സ്റ്റേഷനിൽ ചാവേർ സ്ഫോടനത്തിൽ 14 സൈനികരടക്കം 27 പേർ മരിച്ചു. രാവിലെ 8.45നുണ്ടായ സംഭവത്തിൽ 62 പേർക്ക് പരിക്കേറ്റു. പെഷാവറിലേക്കുള്ള ‘ജാഫർ എക്സ്പ്രസ്’ പുറപ്പെടാനിരിക്കേയാണ് പ്ലാറ്റ്ഫോമിൽ ചാവേർ പൊട്ടിത്തെറിച്ചത്.
ഏകദേശം എട്ട് കിലോ സഫോടകവസ്തുവുമായെത്തിയ ആളാണ് ആക്രമണം നടത്തിയത്. പരിശീലന കോഴ്സ് കഴിഞ്ഞ് മടങ്ങിയ സൈനികരെയാണ് ഭീകരൻ ലക്ഷ്യമിട്ടത്. പരിക്കേറ്റവരിൽ പത്തിലേറെ സൈനികരുണ്ട്. ബലൂച് വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
റെയിൽവേ സ്റ്റേഷനിലെ സ്ഫോടനത്തിനുപിന്നാലെ സുരക്ഷാസേനയെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും.
200ലേറെ പേർ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന സമയത്താണ് സംഭവം. സ്ഫോടനത്തിൽ പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയടക്കം തകർന്നു. ബലൂചിസ്താൻ മുഖ്യമന്ത്രി സർഫ്രാസ് ബഗ്തി അന്വേഷണം പ്രഖ്യാപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭയാനകമായ പ്രവൃത്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയവർ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശെരീഫ് പറഞ്ഞു.
മസ്തുങ് ജില്ലയിൽ ഒരാഴ്ച മുമ്പ് സ്കൂളിനും ആശുപത്രിക്കും സമീപമുണ്ടായ സ്ഫോടനത്തിൽ അഞ്ച് കുട്ടികളടക്കം എട്ടുപേർ മരിച്ചിരുന്നു. ആഗസ്റ്റിൽ നടന്ന വ്യാപകമായ ആക്രമണത്തിൽ 73 പേർക്കും ജീവൻ നഷ്ടമായിരുന്നു. വടക്ക് അഫ്ഗാനിസ്താന്റെയും പടിഞ്ഞാറ് ഇറാന്റെയും അതിർത്തിയായ ബലൂചിസ്താന് സ്വാതന്ത്ര്യം വേണമെന്നാണ് വിഘടനവാദ സംഘടനയായ ബി.എൽ.എയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.