'നടന്നത് ആസൂത്രിത ഭീകരാക്രമണം'; പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്ന് സെലെൻസ്കി
text_fieldsകിയവ്: ഇസ്രായേലിനെതിരെ നടന്നത് ആസൂത്രിത ഭീകരാക്രമണമാണെന്നും പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. ഭീകരവാദത്തിനെതിരെ ലോകം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
'ഇസ്രായേലിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ ലോകം മുഴുവനും കണ്ടു. തീവ്രവാദികൾ സ്ത്രീകളെയും പുരുഷന്മാരെയും ദയയില്ലാതെ ഉപദ്രവിക്കുന്നു. പ്രായമായവരെ പോലും വെറുതെ വിടുന്നില്ല. ഇത്തരമൊരു ഭീകരാക്രമണ സാഹചര്യത്തിൽ, ജീവന് മൂല്യം കൽപ്പിക്കുന്ന എല്ലാവരും ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്.
ഇസ്രായേലിൽ സംഭവിക്കുന്നത് എന്തെന്ന് ഞങ്ങൾ യുക്രെയ്ൻ ജനതക്ക് അറിയാനാകും. ആയിരക്കണക്കിന് റോക്കറ്റുകളാണ് പതിക്കുന്നത്. തെരുവുകളിൽ ജനം മരിച്ചുവീഴുന്നു. കാറുകൾക്ക് നേരെ വെടിയുതിർക്കുന്നു. പിടികൂടിയവരെ അപമാനിക്കുന്നു.
ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്; ഭീകരവാദത്തിനും മരണങ്ങൾക്കും ആരാണോ കാരണമാകുന്നത് അവരാണ് ഉത്തരവാദികൾ. ഇസ്രായേലിനെതിരായ ഭീകരാക്രമണം നന്നായി ആസൂത്രണം ചെയ്തതാണ്. ഭീകരവാദത്തിന്‍റെ പ്രായോജകരായ ഏത് സംഘടനയാണ് ഇതിന് പിന്നിലെന്നും, അവരെ പ്രാപ്തരാക്കിയതാരാണെന്നും ലോകത്തിന് അറിയാം.
ഭീകരവാദത്തിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട്. ഭീകരവാദത്തിനെതിരെ ലോകം മുഴുവൻ ഒറ്റക്കെട്ടായി അണിനിരക്കേണ്ടത് നിർണായകമാണ്' -സെലൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.