ട്രക്കിനുള്ളിലെ അമിത ചൂട് താങ്ങാനാകാതെ 46 കുടിയേറ്റക്കാർ മരിച്ചു; 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പച്ചു
text_fieldsടെക്സാസ്: ട്രക്കിൽ കയറി ടെക്സാസിൽ എത്താൻ ശ്രമിച്ച 46 അനധികൃത കുടിയേറ്റക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. ടെക്സാസിലെ സാൻ ആന്റോണിയോയിലാണ് ട്രക്കിനുള്ളിൽ 46 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യക്കടത്താണിതെന്ന് കരുതുന്നതായും ടെക്സാസിലേക്ക് അനധികൃത കുടിയേറ്റത്തിനെത്തിയവരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.
സിറ്റിയിലെ തെക്കൻ പ്രാന്ത പ്രദേശത്ത് ഉൾഭാഗത്തായുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ റോഡിലാണ് ട്രാക്ക് കണ്ടെത്തിയത്.നഗരസഭാ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. ഒരു മൃതദേഹം നിലത്തു വീണ് കിടക്കുന്ന നിലയിലായിരുന്നു. ജീവനക്കാരൻ കരഞ്ഞുകൊണ്ട് പൊലീസ് സഹായം ആവശ്യപ്പെടുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ട്രക്കിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ച 16 പേർക്കും അമിത ചൂട് സഹിച്ചതിന്റ പ്രശ്നങ്ങളുണ്ട്. 12 മുതിർന്നവരും നാലു കുട്ടികളുമാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെല്ലാം നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലാണ്. ട്രക്കിനുള്ളിൽ വെള്ളമുണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്ററ്റഡിയിലെടുത്തു. എന്നാൽ ഇവർ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടവരാണോ എന്ന കാര്യം വ്യക്തമല്ല. ട്രക്കിലുള്ളവർ യു.എസിലേക്ക് അനധികൃത കുടിയേറ്റക്കാരെ കടത്താനുള്ള ശ്രമം നടത്തിയിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആളുകളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തേക്ക് കോൺസലിനെ അയച്ചിട്ടുണ്ടെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രി മാർസെലോ എബ്രാർഡ് പറഞ്ഞു. മരിച്ച കുടിയേറ്റക്കാർ ഏതു നാട്ടുകാരാണെന്ന കാര്യം വ്യക്തമല്ലെന്നും എബ്രാഡ് ട്വീറ്റിൽ പറഞ്ഞു. സംഭവത്തിൽ ഏതെങ്കിലും മെക്സിക്കൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് സഹായം നൽകുമെന്ന് സാൻ അന്റോണിയോയിലെ മെക്സിക്കൻ ജനറൽ കോൺസുലേറ്റ് അറിയിച്ചു.
ചൂട് വർധിച്ചതാണ് ദുരന്ത കാരണമെന്നാണ് കരുതുന്നത്. വാഹനത്തിൽ വഹിക്കാവുന്നതിലേറെ ആളുകളുണ്ടാവുകയും ചൂട് വർധിക്കുകയും ചെയ്യുമ്പോൾ വാഹനങ്ങൾക്കുള്ളിൽ താപനില കുത്തനെ ഉയരും. സാൻ അന്റോണിയോ പ്രദേശത്തെ കാലാവസ്ഥ തിങ്കളാഴ്ച മേഘാവൃതമായിരുന്നു, താപനില 100 ഡിഗ്രിയിലേക്ക് അടുത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വെള്ളംപോലുമില്ലാത്ത യാത്ര നിർജലീകരണത്തിനിടയാക്കിയതാവാം മരണകാരണമെന്നാണ് കരുതുന്നത്.
സമീപ ദശകങ്ങളിൽ മെക്‌സിക്കോയിൽ നിന്ന് യു.എസ് അതിർത്തി കടക്കാൻ ശ്രമിച്ച് മരിച്ച സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തമാണിത്. 2017ൽ സാൻ അന്റോണിയോയിലെ വാൾമാർട്ടിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കുടുങ്ങി പത്തു കുടിയേറ്റക്കാർ മരിച്ചിരുന്നു. 2003-ൽ, സാൻ അന്റോണിയോയുടെ തെക്കുകിഴക്കായി ഒരു ട്രക്കിൽ 19 കുടിയേറ്റക്കാരെ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.