തായ്‍ലൻഡിലെ നഴ്സറിയിൽ കൂട്ടക്കുരുതി നടത്തിയത് പ്രതി പെൺസുഹൃത്തുമായി വഴക്കടിച്ചതിനു പിന്നാലെയെന്ന് പൊലീസ്
text_fieldsബാങ്കോക്ക്: പെൺസുഹൃത്തുമായി വഴക്കടിച്ചതിനു പിന്നാലെയാണ് 34 കാരനായ പന്യ ഖംറാപ് തായ്‍ലൻഡിലെ നഴ്സറിയിൽ കൂട്ടക്കുരുതി നടത്തിയതെന്ന് പൊലീസ്. മൂന്നുമണിക്കൂർ നീണ്ട വെടിവെപ്പിൽ 22 കുട്ടികളടക്കം 36 പേരെയാണ് പന്യ കൊലപ്പെടുത്തിയത്. രണ്ടു വയസിനും അഞ്ച് വയസിനും ഇടെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
മയക്കു മരുന്നിന് അടിമയാണ് പന്യയെന്നായിരുന്നു ആദ്യം തായ് പൊലീസ് കരുതിയത്. എന്നാൽ പോസ്മോർട്ടം പരിശോധനയിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താത്തത് പൊലീസിനെ കുഴക്കി.
ഥാ ഉഥായ് എന്ന താരതമ്യേന ദരിദ്രമായ തായ്‍ലൻഡിലെ ഉൾനാടൻ ഗ്രാമത്തിലാണ് പന്യ ജനിച്ചു വളർന്നത്. ബാങ്കോക്ക് യൂനിവേഴ്സിറ്റിയിലായിരുന്നു നിയമ പഠനം. അതിനു ശേഷം പൊലീസിൽ ജോലി ലഭിച്ചു. തായ്‍ലൻഡിലെ സമ്പന്നയിടങ്ങളിൽ ഒന്നാണ് ബാങ്കോക്ക്. 2020ൽ പന്യ സ്വദേശത്തേക്ക് മടങ്ങിയെത്തി. ജനുവരിയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് ജോലിയിൽ നിന്ന് പുറത്താക്കി. ഇതും കൊലപാതകത്തിനു പിന്നിലെ കാരണമാണെന്നു പൊലീസ് വിലയിരുത്തിയിരുന്നു.
പെട്ടെന്ന് പ്രകോപിതനാകുന്ന പ്രകൃതമായിരുന്നു പന്യയുടേതെന്ന് സഹപ്രവർത്തകർ പറയുന്നു. വിവാഹ മോചിതയായ ഒരു യുവതിയുമായും പന്യക്ക് ബന്ധമുണ്ടായിരുന്നു. ആ പെൺകുട്ടിയെയും അവരുടെ മകനെയും പന്യ വീടിനുള്ളിൽ പൂട്ടിയിട്ടതായും അയൽക്കാർ പറയുന്നു. 2020ൽ തായ്‍ലൻഡിലെ മറ്റൊരു പ്രവിശ്യയിൽ നടന്ന കൂട്ടക്കൊലയിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. പലപ്പോഴും ഈ സംഭവത്തെ പന്യ പ്രശംസിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പന്യയും പെൺസുഹൃത്തും തായ് ഗ്രാമത്തിലെ ചെറിയൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവർ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു.കൂട്ടക്കൊല നടക്കുന്നതിന് തൊട്ടുമുമ്പും ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് താൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമെന്നു യുവതി പറഞ്ഞത് പന്യയെ പ്രകോപിപ്പിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ ഭാര്യയെയും മകനെയും വധിച്ച ശേഷം ജീവനൊടുക്കിയെന്നും പൊലീസ് അറിയിച്ചു.
രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കെയർ സെന്ററിലായിരുന്നു ആക്രമണം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് അക്രമിയെത്തിയത്. ആദ്യം ജീവനക്കാർക്ക് നേരെയാണ് വെടിയുതിർത്തത്. എട്ട് മാസം ഗർഭിണിയായ അധ്യാപിക ഉൾപ്പെടെ നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീടാണ് ഉറങ്ങിക്കിടന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞത്. 30 കുട്ടികളുണ്ടായിരുന്ന ഡേ കെയറിലെ കുട്ടികളെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.