ഗോടബയ രാജപക്സെക്ക് താൽക്കാലികമായി താമസിക്കാം; എന്നാലൊരു വ്യവസ്ഥയുണ്ടെന്ന് തായ്‍ലാൻഡ്
text_fieldsബാങ്കോക്ക്: ഗോടബയ രാജപക്സെക്ക് താൽക്കാലികമായി അഭയം നൽകാമെന്ന് തായ്‍ലാൻഡ്. എന്നാൽ, ഒരു വ്യവസ്ഥയോടെ മാത്രമേ അദ്ദേഹത്തിന് താമസിക്കാൻ സാധിക്കുവെന്നും തായ്‍ലാൻഡ് അറിയിച്ചു. രാജ്യത്ത് ഗോടബയ രാജപക്സെ കുഴപ്പങ്ങളുണ്ടാക്കരുതെന്നാണ് വ്യവസ്ഥ.
തായ്‍ലാൻഡ് പ്രധാനമന്ത്രിയാണ് രാജപക്സെക്ക് അഭയം നൽകുമെന്ന് അറിയിച്ചത്. ഇത് മാനുഷികമായ വിഷയമാണ്. താൽക്കാലികമായി താമസിക്കുന്നതിന് അദ്ദേഹത്തിന് അനുമതി നൽകാമെന്ന് തായ്‍ലാൻഡ് അറിയിച്ചതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നയതന്ത്ര പാസ്‍പോർട്ടുള്ള രാജപക്സെക്ക് 90 ദിവസമാണ് തായ്‍ലാൻഡിൽ താമസിക്കാൻ സാധിക്കുക.
അതേസമയം, രാജപക്സെയുടെ സന്ദർശനത്തെ ശ്രീലങ്ക എതിർത്തിട്ടില്ലെന്നാണ് സൂചന. മാലിദ്വീപിന് ശേഷം രാജപക്സെക്ക് അഭയം നൽകുന്ന രാജ്യമാണ് തായ്‍ലാൻഡ്. രാജപക്സെക്ക് സിംഗപ്പൂരിലെ ചാങ്കി ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ടാഴ്ചത്തേക്ക് താമസിക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്. സിംഗപ്പൂരിൽ നിന്നാവും രാജപക്സെ ബാങ്കോക്കിലേക്ക് പറക്കുക.
സിങ്കപ്പൂർ സന്ദർശന പാസിന്റെ കാലാവധി തീർന്നു
സിങ്കപ്പൂർ: സിങ്കപ്പൂർ അനുവദിച്ച ഹ്രസ്വകാല സന്ദർശന പാസിന്റെ കാലാവധി വ്യാഴാഴ്ച തീർന്നതിനെത്തുടർന്ന് ശ്രീലങ്കയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ഗോടബയ രാജപക്‌സ തായ്‌ലൻഡിലെത്തിയതായാണ് റിപ്പോർട്ട്. സിങ്കപ്പൂരിലെ സെലിറ്റാർ വിമാനത്താവളത്തിൽനിന്ന് ബാങ്കോക്ക് സമയം രാത്രി എട്ടോടെയാണ് ബാങ്കോക്കിലെ ഡോൺ മുവേങ് വിമാനത്താവളത്തിൽ എത്തിയതെന്ന് ദി സ്‌ട്രെയിറ്റ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
ഗോടബയ വ്യാഴാഴ്ച സിങ്കപ്പൂർ വിട്ടതായി അവിടുത്തെ ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയന്റ് അതോറിറ്റി വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അഭയത്തിന് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യംവിടാനുള്ള ചെലവ് ഗോടബയയും മകൻ മനോജ് രാജപക്‌സയും ചേർന്നാണ് വഹിച്ചതെന്നും അദ്ദേഹത്തെയും ഭാര്യയെയും കൊളംബോയിൽനിന്ന് കൊണ്ടുപോകാൻ വ്യോമസേനാ വിമാനം ഉപയോഗിച്ചതല്ലാതെ ഇതുവരെ സർക്കാർ ഫണ്ടും ചെലവിട്ടിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഊർജംപകർന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ജൂലൈയിലാണ് ശ്രീലങ്കയിൽനിന്ന് ഗോടബയ പലായനം ചെയ്തത്. ജൂലൈ 13ന് മാലിദ്വീപിലേക്ക് പറന്ന ഗോടബയ പിന്നീട് സിങ്കപ്പൂരിൽ അഭയംതേടുകയായിരുന്നു.
അതിനിടെ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാനുള്ള ശ്രീലങ്കൻ പ്രസിഡന്റിന്റെ അധികാരം തടയുന്നതുൾപ്പെടെ നിരവധി സവിശേഷതകൾ അധികാരം ഒരാളിൽ കേന്ദ്രീകരിക്കുന്നത് കുറക്കാൻ ശ്രമിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയതായി നീതിന്യായ മന്ത്രി വിജയദാസ രാജപക്സ പറഞ്ഞു.
പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ സമർപ്പിച്ച സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.