തായ്‌ലന്‍ഡ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു; മേയ് 14ന് തെരഞ്ഞെടുപ്പ്
text_fieldsബാങ്കോക്: മേയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തായ്‌ലന്‍ഡ് സര്‍ക്കാര്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. പാര്‍ലമെന്‍റിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍കൂടി ശേഷിക്കെയാണ് പട്ടാളത്തിന്‍റെ പിന്തുണയുള്ള ഭരണപക്ഷത്തിന്‍റെ നടപടി. മേയ് 14ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും അധികാരം നിലനിര്‍ത്താമെന്നാണ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ മൂന്നിന് സ്ഥാനാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ജനപ്രതിനിധിസഭ പിരിച്ചുവിട്ട ഉത്തരവ് രാജാവ് മഹാ വജിറ ലോേങ്കാൻ അംഗീകരിക്കുകയും റോയൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാലുവർഷ കാലാവധി പൂർത്തിയാകുന്നതിന് മൂന്നു ദിവസം മുമ്പാണ് പിരിച്ചുവിടൽ. ശതകോടീശ്വരന്‍ തക്സിന്‍ ഷിനാവത്രയുടെ ഫ്യു തായി പാര്‍ട്ടിയാണ് പ്രധാന പ്രതിപക്ഷം. ഫ്യു തായ് പാർട്ടിക്കാണ് തെരഞ്ഞെടുപ്പിൽ ഇത്തവണ കൂടുതൽ സാധ്യത കൽപിക്കുന്നത്. അഭിപ്രായ സർവേകളിൽ മുൻതൂക്കം ലഭിച്ച, തക്സിന്റെ മകൾ 36കാരിയായ പേടോങ്ടൻ ഷിനാവത്രയാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി.
തെരഞ്ഞെടുപ്പ് ജയിച്ചാൽ ഷിനാവത്ര കുടുംബത്തിൽനിന്ന് പ്രധാനമന്ത്രിയാകുന്ന മൂന്നാമത്തെയാളാകും പേടോങ്ടൻ. ചൊവ്വാഴ്ച 69 വയസ്സ് തികഞ്ഞ മുൻ ജനറലായ പ്രയുത് ചാൻ ഓച, യിങ്‍ലക് ഷിനാവത്രയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പുറത്താക്കി സൈന്യത്തിന്റെ പിൻബലത്തോടെയാണ് 2014ൽ പ്രധാനമന്ത്രിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.