സ്വവർഗ വിവാഹം നിയമവിധേയമാക്കി തായ്‌ലൻഡ്; രജിസ്റ്റർ ചെയ്യാനൊരുങ്ങി നൂറു കണക്കിന് ദമ്പതികൾ
text_fieldsബാങ്കോക്ക്: ദക്ഷിണ പൂർവ ഏഷ്യൻ രാജ്യമായ തായ്‌ലൻഡിൽ സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ തായ് നിയമപ്രകാരം എൽ.ജി.ബി.ടി.ക്യു+ ദമ്പതികൾക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികൾക്കും ഉള്ള അതേ അവകാശങ്ങളുണ്ടാവും.
രാജ്യത്തുടനീളമുള്ള 878 ജില്ലാ ഓഫിസുകൾ സ്വവർഗ ദമ്പതികൾക്ക് രജിസ്റ്റർ ചെയ്യാനും വിവാഹം കഴിക്കാനും വാതിലുകൾ തുറക്കും. തുല്യ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യമായും തായ്‌വാനും നേപ്പാളിനും പിന്നിൽ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്ലൻഡ് മാറും.
ദീർഘകാലമായി കാത്തിരിക്കുന്ന തുല്യവിവാഹം നിലവിൽ വരുന്നതിൽ ഏറെ സന്തോഷത്തിലാണ് സ്വവർഗ ദമ്പതിമാർ. പൊലീസ് ഓഫിസർ പിസിറ്റ് സിരിഹിരുഞ്ചൈ തന്റെ ദീർഘകാല പങ്കാളിയായ ചനതിപിനെ വിവാഹം കഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ഈ നിയമപരമായ അവകാശം ഉപയോഗപ്പെടുത്താൻ പിസിറ്റിനെ പോലെ നൂറു കണക്കിന് പേർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. തലസ്ഥാനത്ത് 300 ദമ്പതികൾ കൂട്ട വിവാഹത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു. തുടർന്ന് പ്രധാനമന്ത്രി പെറ്റോങ്‌താർൺ ഷിനാവത്രയുടെ റെക്കോർഡ് ചെയ്ത വിഡിയോ അഭിസംബോധനയും ഡ്രാഗ് ക്വീൻ പ്രകടനങ്ങളും പ്രദർശനങ്ങളും നടക്കും. രാജ്യത്തുടനീളം സമാനമായ ഒത്തുചേരലുകൾ ഉണ്ട്. വടക്ക് ചിയാങ് മായ്, ഖോൺ കെയ്ൻ എന്നിവിടങ്ങളിൽ നിന്ന് തെക്ക് ഫൂക്കറ്റ് വരെ രാജ്യവ്യാപകമായി ആഘോഷങ്ങൾ നടന്നുവരികയാണ്.
ഈ മാറ്റത്തിലേക്ക് വിവിധ കടമ്പകൾ ഉണ്ടായിരുന്നുവെന്ന് എൽ.ജി.ബി.ടി.ക്യു അവകാശ പ്രവർത്തകനും ബാങ്കോക്കിലെ പരിപാടിയുടെ സംഘാടകനുമായ ആൻ വാഡാവോ ചുമപോർൺ പറഞ്ഞു. തായ്‌ലൻഡിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയവും ഇതിലേക്കുള്ള നീക്കത്തെ മന്ദഗതിയിലാക്കിയെന്ന് അവർ പറയുന്നു. 2006 മുതൽ തായ്‌ലൻഡ് രണ്ട് സൈനിക അട്ടിമറികൾ നേരിട്ടുവെന്നും അത് യാഥാസ്ഥിതികരുടെ കൈകളിൽ അധികാരം നൽകുകയും ചില സമയങ്ങളിൽ പൗരാവകാശ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്തുവെന്നും ആൻ പറഞ്ഞു.
എന്നാൽ, സമീപ വർഷങ്ങളിൽ രാഷ്ട്രീയ മാനസികാവസ്ഥ മാറി. പുതിയ ജനാധിപത്യ അനുകൂല പ്രസ്ഥാനം ഒരു വലിയ നാഴികക്കല്ലായിരുന്നുവെന്ന് 2020ൽ ഉയർന്നുവന്ന പ്രതിഷേധ പ്രസ്ഥാനത്തെ ഉദ്ധരിച്ച് ആൻ വാഡാവോ പറഞ്ഞു. അത് ജനാധിപത്യ പരിഷ്കാരങ്ങൾക്കും സമത്വം, ലിംഗഭേദം, എൽ.ജി.ബി.ടി.ക്യു എന്നിവക്കായും ആഹ്വാനം ചെയ്തു. ഇതെത്തുടർന്ന് മാധ്യമങ്ങളുടെ ചിത്രീകരണത്തിലും മാറ്റംവന്നു. ഇന്ന്, തായ്‌ലൻഡ് അതിന്റെ ആൺകുട്ടികളുടെ പ്രണയ പരമ്പരകൾക്ക് പേരുകേട്ടതാണ്. സ്വവർഗാനുരാഗികളുടെ പ്രണയകഥകൾ ചിത്രീകരിക്കുന്ന ടി.വി നാടകങ്ങൾ, ഏഷ്യയിൽ ഉടനീളം വലിയ അനുയായികളെ സമ്പാദിച്ചതായും ആൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.