തായ്‍ലൻഡിൽ കണ്ടെത്തിയത് അപകടരമായ മങ്കിപോക്സ് വൈറസ്?
text_fieldsബാങ്കോക്ക്: തായ്‍ലൻഡിൽ റിപ്പോർട്ട് ചെയ്തത് മങ്കിപോക്സിന്റെ ഏറ്റവും അപകടകരമായ ജനിതക വ്യതിയാനം വന്ന വൈറസെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞെത്തിയ യൂറോപ്യൻ പൗരനിലാണ് മങ്കിപോക്സ് വൈറസ് കണ്ടെത്തിയത്. വകഭേദം ഏതാണെന്നറിയാൻ ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്ന് തായ്‍ലൻഡ് പകർച്ച വ്യാധി പ്രതിരോധ വകുപ്പ് മേധാവി തോങ്‌ചായ് കീരത്തിഹട്ടായ കോൻ അറിയിച്ചു. തായ്‍ലൻഡിൽ കണ്ടെത്തിയത് ഏറ്റവും അപകടകാരിയായ മങ്കിപോക്സ് വൈറസാണെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു.
ആഫ്രിക്കയിൽ നിന്ന് ആഗസ്റ്റ് 14നാണ് സന്ദർശകൻ തായ്‍ലൻഡിലെത്തിയത്. ആഫ്രിക്കയിലെ ഏത് രാജ്യത്ത് നിന്നാണെന്നത് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ് വലിയ ദുരന്തമാണ് ഉണ്ടാക്കിയത്. മരുന്നുകളുടെയും വാക്സിനുകളുടെയും ലഭ്യതക്കുറവായിരുന്നു കോവിഡ് 19 ഗുരുതരമാകാൻ കാരണം. ആ സ്ഥിതി മങ്കിപോക്സിന്റെ കാര്യത്തിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
1970 കളിലാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അന്നൊന്നും അവിടേക്ക് കാര്യമായ ശ്രദ്ധ പതിഞ്ഞിരുന്നില്ല. മങ്കിപോക്സ് അപകടകാരിയായ വൈറസാണെന്ന് സ്ഥിരീകരിച്ചിട്ടും അടുത്തുകാലം വരെ അവിടേക്ക് വാക്സിനുകൾ ലഭ്യമാക്കാനുള്ള നടപടികളായില്ല.
മങ്കിപോക്സിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ വകഭേദത്തിന് മരണസാധ്യത കൂടുതലാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും ഈ വൈറസ് പകരാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിലെത്തിയാൽ നാലു മുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. കൈപ്പത്തികൾ, കാൽ, മുഖം, വായ എന്നിവിടങ്ങളിൽ ചിക്കൻപോക്സിന് സമാനമായ ദ്രവം നിറഞ്ഞ കുരുക്കളാണ് പ്രത്യക്ഷപ്പെടുക. അതോടൊപ്പം പനി, ശരീര വേദന, അമിതമായ ക്ഷീണം എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.