കണ്ണീർകടലായി തായ്ലൻഡ്; പിഞ്ചോമനകൾക്ക് യാത്രാമൊഴി
text_fieldsബാങ്കോക്: കളിത്തോക്കുകളും പാവകളും കൈയിൽപിടിച്ച് സന്തോഷത്തോടെ വീടുവിട്ടിറങ്ങിയ കുഞ്ഞുമക്കൾ ചേതനയറ്റ് നഴ്സറിത്തറയിൽ കിടന്ന വേദനയിൽ തോരാ കണ്ണീരിലാഴ്ന്ന് തായ്ലൻഡ്. 24 കുരുന്നുകൾ ഉൾപ്പെടെ 37 പേരാണ് കഴിഞ്ഞദിവസം ഉത്തായ് സാവാൻ പട്ടണത്തിൽ മുൻ പൊലീസുകാരന്റെ ക്രൂരതക്കിരയായത്. ദുഃഖത്തിൽ പങ്കുചേർന്ന് രാജ്യം ദേശീയപതാക താഴ്ത്തിക്കെട്ടി.
പ്രധാനമന്ത്രി പ്രയുത് ചാൻ ഒച്ച, മഹാ വാജിരാലോങ്കോൺ രാജാവ് തുടങ്ങി പ്രമുഖർ സംഭവസ്ഥലത്തെത്തി അനുശോചനമർപ്പിച്ചു. ആയിരങ്ങൾ നഴ്സറിക്കു മുന്നിൽ ഓർമപ്പൂക്കൾ സമർപ്പിച്ചു. രണ്ട്-മൂന്ന് വയസ്സുള്ള, ഓടിരക്ഷപ്പെടാൻപോലുമറിയാത്ത പിഞ്ചോമനകൾക്കു നേരെയായിരുന്നു 34കാരനായ പന്യ കാംരാപിന്റെ കടുംകൈ.
നഴ്സറിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ കത്തികൊണ്ട് ആക്രമിച്ചും മുതിർന്നവരെ വെടിവെച്ചും കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് വീട്ടിലെത്തി ഭാര്യയെയും മകനെയും വെടിവെച്ചുകൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സമീപകാല ചരിത്രത്തിൽ ഒരാൾ നടത്തുന്ന ഏറ്റവും വലിയ കുരുതിയാണിത്.
വ്യാഴാഴ്ച ഉച്ചക്കു ശേഷമായിരുന്നു കത്തിയും തോക്കും പിടിച്ച് അക്രമി എത്തിയത്. കാറിൽനിന്നിറങ്ങി വെടിയുതിർത്തു തുടങ്ങിയ ഇയാൾ വാതിൽ ചവിട്ടിപ്പൊളിച്ച് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. 10 പേർ പരിക്കുകളോടെ രക്ഷപ്പെട്ടതിൽ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുവർഷം മുമ്പ് ഷോപ്പിങ് മാളിൽ മുൻ പട്ടാളക്കാരൻ നടത്തിയ വെടിവെപ്പാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത സമാന സംഭവം.
പ്രതി മയക്കുമരുന്ന് കേസിൽ കുടുങ്ങി കഴിഞ്ഞ ജനുവരിയിൽ സർവിസിൽനിന്ന് പുറത്താക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരായ ശേഷമായിരുന്നു ആക്രമണം. വെള്ളിയാഴ്ച വീണ്ടും കോടതിയിലെത്തേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.