‘നന്ദി അമേരിക്ക’, ‘നന്ദി പോട്ടസ്’: യു.എസ് പ്രസിഡന്റുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ സെലെൻസ്‌കി
text_fieldsവാഷിംങ്ടൺ: രാജ്യത്തിന് നൽകിയ പിന്തുണക്ക് ഡോണാൾഡ് ട്രംപിനും അമേരിക്കക്കും നന്ദി പറഞ്ഞ് യുക്രേനിയൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്‌കി. വൈറ്റ് ഹൗസിൽ ട്രംപുമായും വൈസ് പ്രസിഡന്റ് ജേഡി വാൻസുമായുള്ള അസാധാരണ കൂടിക്കാഴ്ചയിൽ ട്രംപുമായുള്ള കടുത്ത ഏറ്റുമുട്ടലിനു പിന്നാലെയാണ് സെലൻസ്കി ‘എക്സി’ൽ ദ്വയാർഥ പോസ്റ്റുമായി വന്നത്.
ഓവൽ ഓഫിസിൽ വെള്ളിയാഴ്ച നടന്ന നിർണായക കൂടിക്കാഴ്ചയിൽ ‘അനാദരവ്’ കാണിച്ചതിന് ട്രംപ് സെലെൻസ്‌കിയെ ശകാരിച്ചിരുന്നു. ‘ദശലക്ഷക്കണക്കിന് ജീവൻ അപകടത്തിലാക്കുന്നു’ എന്ന് ആക്രോശിക്കുകയും സെലൻസ്കിയുടെ പ്രവർത്തനങ്ങൾ മൂന്നാംലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പും നൽകി. പ്രതികരണമായി യു.എസുമായി നിർണായക ധാതു ഉടമ്പടിയിൽ ഒപ്പുവെക്കാതെ സെലെൻസ്‌കി പെട്ടെന്ന് വൈറ്റ്ഹൗസ് വിട്ടു.
ട്രംപുമായുള്ള സന്ദർശന വേളയിൽ, യുക്രെയിനിലെ അപൂർവ ഭൂമി ധാതുക്കളിൽ യു.എസിന് കൂടുതൽ പ്രവേശനം അനുവദിക്കുന്ന കരാറിൽ സെലെൻസ്‌കി ഒപ്പുവെക്കുമെന്നും സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. യുക്രെയ്‌നിന് തുടർപിന്തുണ നൽകുന്നതിനുള്ള മുൻവ്യവസ്ഥയാണെന്ന നിലയിൽ കരാറിനായി ട്രംപ് നിർബന്ധിച്ചിരുന്നു. വാർത്താ മാധ്യമങ്ങൾക്ക് മുന്നിൽ നേതാക്കൾ തമ്മിലുള്ള ചൂടേറിയ വാഗ്വാദത്തെ തുടർന്ന് ആ പദ്ധതി ഉപേക്ഷിച്ചു.
എന്നാൽ, സംഭവങ്ങളുടെ അത്ഭുതകരമായ വഴിത്തിരിവ് യൂറോപ്പിലും ലോകമെമ്പാടുമുള്ള കാര്യങ്ങളെ തകിടം മറിച്ചേക്കാം. വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്കുശേഷം, യുക്രേനിയൻ പ്രസിഡന്റ് ‘എക്‌സി’ലെ ഒരു പോസ്റ്റിൽ ഇങ്ങനെ പറഞ്ഞു. ‘നന്ദി അമേരിക്ക, നിങ്ങളുടെ പിന്തുണക്ക് നന്ദി. ഈ കൂടിക്കാഴ്ചക്ക് നന്ദി. പോട്ടസ് ( പ്രസിഡന്റ് ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ്സ്), കോൺഗ്രസ്, അമേരിക്കൻ ജനത എന്നിവർക്കും നന്ദി. യുക്രെയ്‌നിന് നീതിയും ശാശ്വതവുമായ സമാധാനം ആവശ്യമാണ്. അതിനായി ഞങ്ങൾ കൃത്യമായി പ്രവർത്തിക്കും’ എന്നായിരുന്നു അത്.
അതേസമയം, ട്രംപും വാൻസും അമേരിക്കൻ ജനതയുടെയും ലോകത്ത് അമേരിക്കയുടെ നിലപാടിനെ ബഹുമാനിക്കുന്നവരുടെയും താൽപ്പര്യങ്ങൾക്കായി എപ്പോഴും നിലകൊള്ളുമെന്നും അമേരിക്കൻ ജനതയെ മുതലെടുക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. സെലെൻസ്‌കി മൂന്നാം ലോക മഹായുദ്ധത്തിനൊപ്പം ചൂതാട്ടം നടത്തുകയാണെന്ന ട്രംപിന്റെ പരാമർശവും പ്രസ്താവനയിൽ എടുത്തുകാട്ടി.
യുക്രെയ്നിലെ സ്ഥിതിഗതികൾ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും യു.എസ് സഹായമില്ലാതെ തങ്ങൾ നഷ്ടപ്പെടുമെന്നും സെലെൻസ്കി തന്നെ സമ്മതിച്ചതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മൂന്നാം ലോക മഹായുദ്ധം യുക്രെയ്നിൽ ആരംഭിക്കുകയും ഇസ്രായേലിൽ തുടരുകയും അവിടെ നിന്ന് ഏഷ്യയിലേക്ക് നീങ്ങുകയും പിന്നീട് മറ്റെവിടെയെങ്കിലും പൊട്ടിത്തെറിക്കുകയും ചെയ്യാം - പ്രസ്താവനയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.