പ്രിയപ്പെട്ട അമ്മേ...നന്ദി; എലിസബത്ത് രാജ്ഞിക്ക് കണ്ണീർ പ്രണാമവുമായി മകൻ ചാൾസ്
text_fieldsലണ്ടൻ: പ്രിയപ്പെട്ട അമ്മക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയുമായി മകനും കിരീടാവകാശിയുമായ ചാൾസ് രാജാവ്. ''പ്രിയപ്പെട്ട അമ്മേ... പപ്പക്കൊപ്പം ചേരാനുള്ള മഹായാത്രയിലാണ് നിങ്ങൾ. നമ്മുടെ രാജ്യത്തിനും കുടുംബത്തിനും താങ്കൾ നൽകിയ സേവനങ്ങൾക്ക് നന്ദി"-എന്ന് പറഞ്ഞാണ് ചാൾസ് പ്രസംഗം തുടങ്ങിയത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ചാൾസ്.
''അത്യഗാധമായ ദുഃഖത്തോടുകൂടിയാണ് ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. തന്റെ ജീവിതത്തിലുടനീളം, എന്റെ അമ്മ കുടുംബത്തിൽ എല്ലാവർക്കും പ്രചോദനവും മാതൃകയുമായിരുന്നു.ഞങ്ങളെല്ലാം അവരോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം കടമകൾ നിർവഹിക്കാനായി അവർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. എലിസബത്ത് രാജ്ഞിയുടെ അതേ പ്രതിജ്ഞയാണ് ഇന്ന് ഞാനും നിങ്ങൾക്കുമുന്നിൽ പുതുക്കുന്നത്. വളരെ നന്നായി ജീവിച്ചയാളാണ് എലിസബത്ത് രാജ്ഞി. അമ്മയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ. അമ്മയുടെ മരണം പലർക്കും വലിയ ദുഃഖത്തിനു കാരണമായിട്ടുണ്ട്. അതിൽ ഞാനും പങ്കുചേരുന്നു''-ചാൾസ് പറഞ്ഞു.
''പുതിയ ഉത്തരവാദിത്തങ്ങൾ വരുന്നതോടുകൂടി എന്റെ ജീവിതവും മാറും. എന്റെ കുടുംബത്തിനും ഇതൊരു മാറ്റത്തിന്റെ സമയമാണ്. ഭാര്യ കാമിലയുടെ സ്നേഹോഷ്മളമായ സഹായം ഈ സമയം സ്മരിക്കുന്നു. പുതിയ ഉത്തരവാദിത്തത്തിന്റെ കടമകൾ അവരും നിർവഹിക്കുന്നതായിരിക്കും. എന്റെ മകൻ വില്യം ഇനി മുതൽ പ്രിൻസ് ഓഫ് വെയ്ൽസ് എന്ന് അറിയപ്പെടും-എലിസബത്ത് രാജ്ഞിയുടെ കാലത്ത് ചാൾസ് ആയിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. വില്യമിനൊപ്പം കാതറിനും പുതിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന ഹാരി രാജകുമാരനും മേഗനും എല്ലാവിധ സ്നേഹവും. എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ചവരോടും വിഷമഘട്ടത്തിൽ പിന്തുണച്ചവരോടും കുടുംബത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു''–ചാൾസ് കൂട്ടിച്ചേർത്തു.
രാജ്ഞിയുടെ മരണത്തോടെ ചാൾസ് ഇന്ന് രാജാവായി അധികാരമേൽക്കും. ചരിത്രത്തിൽ ആദ്യമായി സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്യും. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.