തന്നെ തോൽപ്പിക്കാൻ വാക്‌സിന്‍ വിജയകരമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചു; ഫൈസറിനെതിരെ ട്രംപ്
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പ് തോൽവിക്ക് ന്യായീകരണങ്ങൾ നിരത്തുന്ന ഡൊണൾഡ് ട്രംപ് പുതിയൊരു കാരണവുമായി രംഗത്ത്. ഫൈസറിെൻറ കോവിഡ് പ്രതിരോധ വാക്സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ തെൻറ വിജയം തടയാനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറും മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു 'വാക്സിൻ വിജയം' ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. അതിനാലാണ് തെരഞ്ഞെടുപ്പിന് മുമ്പായി വരേണ്ട പ്രഖ്യാപനം ഫലം വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടായതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
വാക്സിൻ പരീക്ഷണത്തിനുള്ള പല ഉദ്യോഗസ്ഥതല തടസ്സങ്ങളും തെൻറ ഇടപെടലുകളിലൂടെയാണ് ഇല്ലാതായതെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ വികസിപ്പിച്ച വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ കമ്പനി ഫൈസർ തിങ്കളാഴ്ചയാണ് രംഗത്തെത്തിയത്. ജർമൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്ന് ഫൈസർ വികസിപ്പിക്കുന്ന കോവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണത്തിൽ മരുന്ന് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസർ ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബൗർലയാണ് വ്യക്തമാക്കിയത്.
രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഏഴ് ദിവസത്തിനകം കോവിഡ് 19 പ്രതിരോധശേഷി ലഭിക്കുമെന്നാണ് പരീക്ഷണങ്ങളിൽ വ്യക്തമായിട്ടുള്ളതെന്ന് ബൗർല പറഞ്ഞു. ആദ്യ ഡോസിൽ 28 ദിവസമായിരുന്നു ഇത്.
അനുമതി ലഭിച്ചാൽ ഡിസംബർ അവസാനത്തോടെ അഞ്ച് കോടി ഡോസ് വാക്സിനും 2021ൽ 130 കോടി ഡോസും ലോകത്തിന് നൽകാനാകുമെന്നാണ് ഫൈസറിെൻറ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.