ഇറാൻ ഭീകരാക്രമണത്തിന് തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണം -ഡോ. കിയാനുഷ്
text_fieldsതെഹ്റാൻ: ഇറാനിലെ ഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽ അവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ. കിയാനുഷ് ജഹാൻപുർ. ഈ രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും ഇറാൻ ജനതയുടെയും വേദന പരിഹരിക്കാൻ ഇതല്ലാതെ മാർഗമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അമേരിക്ക വധിച്ച മുൻ ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികാചരണത്തിന് ഒത്തുകൂടിയവർക്കിടയിലാണ് ഇന്ന് വൈകീട്ട് ഇരട്ട സ്ഫോടനം നടന്നത്. സംഭവത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു.
پاسخ این جنایت فقط در تل آویو و حیفا و ... باید باشد، هر جای دیگر هر پاسخی نمی تواند کاهش آلام مردم و خانواده های این شهدا را در پی داشته باشد ...
— Kianush Jahanpur, MD 🇮🇷 (@drjahanpur) January 3, 2024
این جنایت رژیم صهیونیستی و حامیانش را جداگانه باید فاکتور کرد pic.twitter.com/8rEU86xcbK
ഇറാനിലെ തെക്കൻ നഗരമായ കിർമാനിൽ സാഹിബ് അൽസമാൻ മസ്ജിദിനു സമീപം പ്രകടനമായി ഖബറിനരികിലേക്ക് നീങ്ങിയവർക്കിടയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 3.04 നായിരുന്നു ഇത്. പിന്തിരിഞ്ഞോടിയവർക്കിടയിൽ 13 മിനിട്ടുകൾക്ക് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. 103 പേരുടെ മരണം സ്ഥിരീകരിച്ചതായി കിർമാൻ എമർജൻസി സർവീസ് മേധാവി മുഹമ്മദ് സ്വബരി അറിയിച്ചു. 140ലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിസരത്തെ മാലിന്യക്കൂനകളിൽ സ്ഥാപിച്ച ബോംബുകൾ റിമോർട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചതെന്നാണ് നിഗമനം.
2020ൽ ഇറാഖിലാണ് ഖാസിം സുലൈമാനി യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായിരുന്നു ഖുദ്സ് സേന തലവനായിരുന്ന അദ്ദേഹം.
അനുസ്മരണ ചടങ്ങിനെത്തിയ ആയിരങ്ങൾക്കിടയിലാണ് കിർമാനിൽ പ്രശസ്തമായ ഗുൽസാർ ശുഹദാക്കു സമീപം രാജ്യത്തെ നടുക്കിയ വൻസ്ഫോടനങ്ങൾ. രക്തസാക്ഷികളായി രാജ്യം എണ്ണുന്ന 1024 പേരെ ഖബറടക്കിയ ഇടമാണ് ഗുൽസാർ ശുഹദാ.
ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ, ഇറാനിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ വൻ സ്ഫോടനം മേഖലയിൽ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.